കുസാറ്റിലെ സംഗീതനിശ അറിയിച്ചില്ലെന്ന് പോലീസ്; വൈസ് ചാന്‍സലറുടെ വാദം നിഷേധിച്ച് എഡിജിപി

Jaihind Webdesk
Sunday, November 26, 2023


മഴയത്ത് പെട്ടെന്നുണ്ടായ തിക്കിതിരക്കാണ് ദുരന്തമുണ്ടാക്കിയതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ തന്നെ വളന്റിയര്‍മാരായ പരിപാടിയില്‍ പൊലീസ് സാന്നിധ്യം നാമമാത്രമായിരുന്നു. പരിപാടിയെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നവെന്ന വൈസ് ചാന്‍സലറുടെ പ്രതികരണം പക്ഷേ പൊലീസ് നിഷേധിച്ചു. സര്‍വകലാശാലയിലെ സെക്യൂരിറ്റി സംവിധാനങ്ങള്‍ക്കോ വോളന്റീയര്‍മാര്‍ക്കോ നിയന്ത്രിക്കാവുന്നതിനും അപ്പുറമായിരുന്നു തിരക്ക്. 1500 പേരെവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തിലേക്ക് ആളുകളെ കയറ്റിയിരുന്നത് വിദ്യാര്‍ഥികളായ വോളന്റിയര്‍മാരാണ്. പരിപാടിക്ക് പ്രവേശനം നേടി എത്തുന്നവരെ തിരിച്ചറിയാന്‍ കറുത്ത ടീഷര്‍ട്ടും നല്‍കിയിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒറ്റ കവാടം മാത്രമാണ് ഉണ്ടായിരുന്നത്.മഴ ഉണ്ടായിരുന്നതിനാല്‍ പുറത്തുനിന്ന് ആളുകള്‍ തിക്കി തിരക്കി അകത്തേക്ക് കയറുന്ന സാഹചര്യം ഉണ്ടായതോടെ പലരും ഓഡിറ്റോറിയത്തിലേക്കുള്ള പടിക്കെട്ടില്‍ മറിഞ്ഞുവീണു. നിമിഷനേരം കൊണ്ട് സംഗീത വേദി ദുരന്തത്തിന് വഴിമാറി. പൊലീസിനെ പരിപാടിയെ കുറിച്ച് അറിയിച്ചിരുന്നുവെന്നാണ് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍ പറഞ്ഞത്. എന്നാല്‍ പരിപാടി നടക്കുന്നതിനെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടില്ലെന്നായിരുന്നു കമ്മിഷണറുടെ പ്രതികരണം. അറിയിച്ചാലും ഇല്ലെങ്കിലും തൃക്കാക്കര എസിയുടെ സ്‌ട്രൈക്ക് ഫോഴ്‌സിലുള്ള 6 പോലീസുകാരും കണ്‍ട്രോള്‍ റൂം വാഹനവും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം.