ജലീലിനെതിരായ തെളിവുകള്‍ നാളെ കോടതിയില്‍ സമർപ്പിക്കും; മുഖ്യമന്ത്രിക്ക് വെപ്രാളം: സ്വപ്നാ സുരേഷ്

Jaihind Webdesk
Wednesday, July 20, 2022

 

കൊച്ചി : കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. തെളിവുകള്‍ നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കടത്തുമായി  ബന്ധപ്പെട്ട കേസ് ബംഗളുരുവിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കം സ്വാഗതാര്‍ഹമെന്ന് സ്വപ്ന പ്രതികരിച്ചു. കേസ് കേരളത്തിൽ അന്വേഷണം തുടർന്നാൽ അട്ടിമറിക്കപ്പെടും. മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്ന് ആദ്യം എൻഐഎയെ കേരളത്തിലെത്തിച്ച് യുഎപിഎ ചുമത്തി എന്നെ ദേശവിരുദ്ധയായി മുദ്രകുത്താൻ ശ്രമിച്ചു. പക്ഷേ ഇപ്പോൾ കോടതിയിൽ 164 പ്രകാരമുള്ള മൊഴി നൽകിയതോടെ മുഖ്യമന്ത്രി ആകെ വെപ്രാളത്തിലാണ്. അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും നിശ്ചയമില്ല. ആകെ വിറളി പിടിച്ച മുഖ്യമന്ത്രി ഭരണസംവിധാനങ്ങളുപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുകയാണെന്നും സ്വപ്ന പറഞ്ഞു.

മുൻ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള തെളിവുകൾ നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയിൽ നൽകും. ഇതോടെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയത് ആരാണെന്ന് നാളെ അറിയാമെന്നും തെളിവുകൾ അഭിഭാഷകന് കൈമാറിയെന്നും സ്വപ്നാ സുരേഷ് വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസ് തടസപ്പെടുത്താൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നുണ്ടായിരുന്നു. അന്വേഷണം കേരളത്തിലാണങ്കിൽ തടയാൻ ശ്രമിക്കും. മുഖ്യമന്ത്രി നോർമലല്ലാതെ പെരുമാറുകയാണെന്നും ഇ.ഡിയിൽ പൂർണ്ണവിശ്വാസമുണ്ടെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. താന്‍ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് സർക്കാറും സിപിഎമ്മും പറയുന്നത്. എന്നാല്‍ നാളെ എല്ലാം തെളിയുമെന്ന് സ്വ‌പ്ന മാധ്യമങ്ങളോട് പറഞ്ഞു.