കെ.ടി.ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല ; ബന്ധു നിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന് ലോകായുക്ത

Jaihind Webdesk
Friday, April 9, 2021

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ ഡിവിഷൻ ബെഞ്ചിന്റെ വിധി. ന്യൂന പക്ഷ കോർപ്പറേഷന്‍റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് വിധി.

ബന്ധുനിയമനത്തിൽ ജലീലിന്‍റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബർ എട്ടാം തിയതിയാണ് കൃത്യമായ യോഗ്യതയില്ലാത്ത ബന്ധുവായ കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിന്‍റെ ഓഫീസ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ രാജി വെച്ച അദീബ് കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസിലെ സീനിയർ മാനേജർ തസ്തികയിലേക്ക് മടങ്ങി.