മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തിന് പിന്നലെ മന്ത്രി കെ.ടി.ജലീലും വിദേശത്തേക്ക്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അടക്കമുള്ള സംഘത്തോടൊപ്പം ഈ മാസം 17, 18 തീയതികളിൽ മന്ത്രി മാലിദ്വീപ് സന്ദർശിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ വിദേശ സന്ദർശനം.
സംസ്ഥാനം സമാനതകളില്ലാത്ത ധന പ്രതിസന്ധിയിൽ.. നിത്യ ചെലവിന് പോലും പണമില്ലാത്ത അവസ്ഥ.. എന്നിട്ടും സർക്കാരിന്‍റെ ധൂർത്തിന് ഒട്ടും കുറവില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തിന് പിന്നാലെ അടുത്ത വിദേശയാത്രക്ക് തയ്യാറെടുക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. ഈ മാസം 17, 18 തീയതികളിൽ മന്ത്രി മാലിദ്വീപ് സന്ദർശിക്കും. ഉന്നത വിദ്യാഭാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി, സാങ്കേതിക സർവ്വകലാശാല പ്രോ വി.സി, അസാപ്പ് പ്രതിനിധി, AICTE ഡയറക്ടർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടാകും.
മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം 16-ന് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിക്കും. വിമാനയാത്രാ, താമസം, മാലിയിലെ യാത്രാചെലവ്, ഫോൺ, ഇന്‍റർനെറ്റ് തുടങ്ങിയ ചെലവുകൾ സർക്കാർ വഹിക്കും. മന്ത്രിയുടെയും പ്രിൻസിപ്പല്‍ സെക്രട്ടറിയുടെയും ഹോട്ടൽ താമസത്തിനുള്ള ചെലവ് സർക്കാർ വഹിക്കുമ്പോൾ കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സർവകലാശാലാ, അസാപ്പ്, AICTE എന്നിവയുടെ ഫണ്ടിൽ നിന്ന് നൽകും.
യാത്രയുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും മാലിയിലെ ഇന്ത്യൻ മിഷന്‍ നടത്തണമെന്നും ചെലവാകുന്ന തുകയും സംസ്ഥാന സർക്കാർ നൽകുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മന്ത്രിയുടെയും സംഘത്തിന്‍റെയും യാത്ര, താമസം, ഭക്ഷണം, ഫോണ്‍, ഇന്‍റര്‍നെറ്റ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിന് പുറമെ 60 ഡോളര്‍ പ്രതിദിന അലവന്‍സ് ആയി നല്‍കും. കേരളത്തിലെ എഞ്ചിനീയറിംഗ്, ആർട്സ് ആന്‍റ് സയൻസ് കോളേജുകളിൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. വിദേശ വിദ്യാർത്ഥികൾ എത്തിയാൽ കോളേജുകളുടെ നിലവാരം ഉയരുമെന്നാണ് സർക്കാരിന്‍റെ അവകാശ വാദം. മന്ത്രിക്ക് പിന്നാലെ സംസ്ഥാനത്തെ 75 കോളേജ് യൂണിയൻ ചെയർമാൻമാരും പരിശീലനത്തിനായി ലണ്ടനിലേക്ക് പറക്കും. വിദ്യാർത്ഥികളുടെ സ്കോർഷിപ്പ് തുക പോലും നൽകാൻ പണമില്ലാത്ത ഘട്ടത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ ധൂർത്ത് എന്നതാണ് വിചിത്രമായ വസ്തുത. മന്ത്രിമാരുടെ വിദേശ സന്ദർശനത്തെ ഹൈക്കോടതിയും അടുത്തിടെ വിമർശിച്ചിരുന്നു.
https://youtu.be/qdCJ2kPcLyk