‘കലാമേളയ്ക്കായി ഒരു കിലോ പഞ്ചസാര അല്ലെങ്കില്‍ 40 രൂപ’; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.എസ്.യു

Jaihind Webdesk
Friday, December 1, 2023

കോഴിക്കോട്: പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിലെ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് വി.ടി സൂരജ്. വിദ്യാര്‍ഥികളെ നിര്‍ബന്ധിതമായി കൊള്ളയടിക്കുന്ന ഈ സമീപനങ്ങളോട് യോജിക്കാനും അംഗീകരിക്കാനും കെ.എസ്.യു തയ്യാറല്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളെ അംഗീകരിക്കാത്ത അരാഷ്ട്രീയ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന സെന്‍റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഇറക്കിയ വിദ്യാര്‍ത്ഥി വിരുദ്ധമായ ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും വി.ടി സൂരജ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിത വിഭവസമാഹരണവും പണപ്പിരിവും നടത്തുകയാണ്.

പണം പിരിച്ച് കണ്ടെത്തി ഭക്ഷണ കമ്മിറ്റിയും സംഘാടനവും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ പണി നിങ്ങള്‍ എടുക്കേണ്ടതില്ലെന്നാണ് അധ്യാപകരോടും ബന്ധപ്പെട്ട സംഘടനാ നേതാക്കളോടും പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നവ കേരള സദസിന്‍റെ പേരില്‍ കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ പണമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ അവരില്‍ നിന്നും തന്നെ നിര്‍ബന്ധിതമായി വിഭവസമഹരണം നടത്തേണ്ടി വരുന്ന ഗതികേട് വിദ്യാഭ്യാസ വകുപ്പിന്‍റെ കുറ്റകരമായ അനാസ്ഥയാണ്. ഭക്ഷണ കമ്മറ്റി നടത്തേണ്ട സംഘടനകള്‍ക്ക് അത് മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞേ പറ്റൂ എന്നാണെങ്കില്‍ സര്‍ക്കാരിന് അതിനു വേണ്ടി പണം കണ്ടെത്താനും പണം അനുവദിക്കാനും സാധിക്കുന്നില്ല എങ്കില്‍ വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണത്.

കലോത്സവ ഭക്ഷണ കമ്മറ്റിക്ക് സര്‍ക്കാര്‍ വലിയ തുക ഫണ്ടായി അനുവദിക്കുന്നുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവും വിഭവ സമാഹരണവും നടത്തുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും വി.ടി സൂരജ് വ്യക്തമാക്കി.