കേരളത്തിലെ ആദ്യ വിദ്യാർത്ഥി ചിന്തന്‍ ശിബിരം പുതുപ്പള്ളിയില്‍; ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Sunday, August 14, 2022

കോട്ടയം: കേരളത്തിലെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരം പുതുപ്പള്ളിയിൽ നടന്നു.  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിബിരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി സരിൻ, സിജോ ജോസഫ്, യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച്ച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെഎസ്‌യു ബ്ലോക്ക് പ്രസിഡന്‍റ് മാത്യു വർഗീസ് കിഴക്കേടം അധ്യക്ഷത വഹിച്ചു.

കോട്ടയം പുതുപ്പള്ളി ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംസ്ഥാനത്തെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരത്തിന് കൊടിയേറിയത്. കോട്ടയം നിയോജകമണ്ഡലത്തിലെ 6 പ്രധാനപ്പെട്ട കോളേജുകളിലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, 8 കെഎസ്‌യു മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രാദേശിക കെഎസ്‌യു പ്രവർത്തകർ, നിയോജക മണ്ഡലം- ജില്ലാ ഭാരവാഹികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ചർച്ചകൾ, സെമിനാറുകൾ, പ്രതിഭാ സംഗമം, പ്രമേയ അവതരണം, കലാപരിപാടികൾ എന്നിവ പുതുപ്പള്ളിയിൽ നടന്ന ഏകദിന ക്യാമ്പിന്‍റെ ആകർഷണമായി. വിദ്യാർത്ഥി ചിന്തൻ ശിബിരത്തിൽ നിയമസഭാ ചരിത്രത്തിൽ പുതിയ ഏടുകൾ സൃഷ്ട്ടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്യാമ്പ് ആദരിച്ചു.

നാലുമണി മുതൽ 8 മണി വരെ നീണ്ടുനിന്ന ചിന്തൻ ശിബിരം കോട്ടയത്തെ വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത്.  കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ ജോർജ് പയസ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ജില്ലാ പഞ്ചായത്ത്‌ അംഗം വൈശാഖ് പി.കെ, കെഎസ്‌യു പ്രവർത്തകരായ അജിൽ ജിനു മാത്യു, സച്ചിൻ മാത്യു, രഞ്ജിത് പ്ലാത്താനം, അഖിൽ ചേലമറ്റം, ജെസ്റ്റസ് പുതുശേരി, ബേസിൽ ജോൺ, അഭിഷന്ത് മധു തുടങ്ങി നിരവധി പേർ ശിബിരത്തിൽ പങ്കെടുത്തു.