മാര്‍ക്ക് ദാന വിവാദത്തില്‍ കെ.എസ്.യു പ്രതിഷേധം ; എം.ജി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു | Video

Jaihind Webdesk
Tuesday, October 15, 2019

കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നു. കെ.എസ്‌.യു പ്രവർത്തകർ എം.ജി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എം.ജി യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ നിർദ്ദേശപ്രകാരം വിദ്യാർഥിനിക്ക് അനധികൃതമായി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും സിൻഡിക്കേറ്റും ചേർന്ന് അധികൃത മാർക്ക് മേഡറേഷൻ നൽകിയതിനെതിരെയാണ് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരുണ്ടെന്നറിഞ്ഞ വൈസ് ചാൻസലർ യൂണിവേഴ്സിറ്റിയിലേക്ക് എത്തിയില്ല. എന്നാൽ പ്രൊ വൈസ് ചാൻസിലർ എത്തിയതോടെ പ്രതിഷേധക്കാർ മുദ്രാവാക്യവുമായി രംഗത്തെത്തി.

തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധക്കാർ നിലയുറപ്പിച്ചതോടെ പോലീസ് എത്തി. അനുനയ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെട്ടു. ശേഷം ബലപ്രയോഗത്തിലൂടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജോർജ് പയസ്, സുബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ.എസ്.യു പ്രതിഷേധം. വരും ദിവസങ്ങളിൽ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്താനാണ് കെ.എസ്‌.യു തീരുമാനം.