
കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടാക്കിയ സമവായം പൊതുസമൂഹത്തെ അപഹാസ്യമാക്കുന്നതാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മാസങ്ങളായി തുടരുന്ന ഭരണഘടനാപരമായ പോര് ഇത്ര നിസ്സാരമായി പരിഹരിക്കാവുന്നതായിരുന്നുവെങ്കില് എന്തിനാണ് ഇത്രയും കാലം ഈ പ്രതിസന്ധി വലിച്ചിഴച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ വീഴ്ചയാണ് സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെയുള്ള മറ്റൊരു ഒത്തുകളിയാണ് വി.സി നിയമനത്തിലെ ഈ പുതിയ നീക്കം. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ പണയം വെച്ചിരിക്കുകയാണെന്നും അലോഷ്യസ് ആരോപിച്ചു.
ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയെ തെരുവില്‍ ഇറക്കിയ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അലോഷ്യസ് രൂക്ഷമായി പരിഹസിച്ചു. ‘പിണറായി വിജയന് എന്ന റിംഗ് മാസ്റ്ററുടെ നിയന്ത്രണത്തിലുള്ള സര്‍ക്കസ് കമ്പനിയിലെ ജോക്കര്‍മാരായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടാനും തെരുവില്‍ പ്രതിഷേധിക്കാനും വിട്ടവര്‍ ഇപ്പോള്‍ ഭരണാധികാരികളുടെ ഒത്തുകളി കണ്ടുനില്‍ക്കേണ്ട അവസ്ഥയിലാണ്.’
കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും അടിയന്തരമായി സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണം. അതുപോലെ തന്നെ ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ തസ്തികകളിലേക്കും ഉടന്‍ നിയമനം നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.