വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ ആറര പതിറ്റാണ്ട്; സമരപഥങ്ങളിൽ വീറോടെ കെഎസ്‌യു

Jaihind Webdesk
Monday, May 30, 2022

 

തിരുവനന്തപുരം: ഇന്ന് കേരള വിദ്യാർത്ഥി യൂണിയന്‍റെ അറുപത്തി അഞ്ചാമത് സ്ഥാപകദിനം. ചരിത്രത്തിൽ ഇടം പിടിച്ച നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കെഎസ്‌യു. ചെറുത്തുനിൽപ്പിന്‍റെയും ചേർത്തുനിർത്തലിന്‍റെയും 65 വർഷങ്ങൾ പിന്നിടുമ്പോൾ ഈ പ്രതിസന്ധി കാലത്തും പ്രത്യാശയുടെ രാഷ്ട്രീയമാണ് കേരള വിദ്യാർത്ഥി യൂണിയന്‍ മുന്നോട്ടുവെക്കുന്നത്.

1957 ൽ ആലപ്പുഴയുടെ മണ്ണിൽ പിറവിയെടുത്ത വിദ്യാർത്ഥി പ്രസ്ഥാനമാണ് കെഎസ്‌യു. ആറര പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന മതേതര വിദ്യാർത്ഥി സംഘടന. കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡന്‍റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും തിരഞ്ഞെടുത്തു. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ മുൻ നിരയിലെത്തിയ നേതാക്കളെല്ലാം കെഎസ്‌യുവിന്‍റെ ഭാഗമായി കടന്നുവന്നവരാണ്.

1959 ൽ ആലപ്പുഴയിൽ ബോട്ട് സർവീസിന്‍റെ ചാർജ് വർധിപ്പിച്ചതിനെതിരെ നടത്തിയ ഒരണ സമരത്തിൽ തുടങ്ങുന്നു കേരള വിദ്യാർത്ഥി യൂണിയന്‍റെ ചരിത്ര പോരാട്ടങ്ങളുടെ കഥ. വെളുത്തുള്ളിക്കായൽ സമരം, ഫീസേകീകരണ സമരം, ഭാരതരത്ന സമരം, വിദ്യാഭ്യാസ കച്ചവടക്കാർക്കെതിരെയുള്ള സന്ധിയില്ലാ പ്രക്ഷോഭങ്ങൾ… കേരള ചരിത്രത്തിന്‍ഒറെ ഏടുകളിൽ കുറിച്ചിട്ട വിമോചന സമരത്തിന് നേതൃത്വം നൽകി അന്ന് മുതൽ ഇന്ന് വരെ വിദ്യാർത്ഥി ശബ്ദമായി കെഎസ്‌യു മുന്നിലുണ്ട്.

വിഎസ് അച്യുതാനന്ദന്‍റെ ഭരണകാലത്ത് മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകത്തിലെ മതനിന്ദക്കെതിരെ തെരുവീഥികളിൽ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യങ്ങൾ ഉയർത്തിയതും കേരള വിദ്യാർത്ഥി യൂണിയനാണ്. സ്വാശ്രയ ഫീസ് വർധനക്കെതിരെ വിദ്യാർത്ഥി ശബ്ദം അധികാരികളിൽ എത്തിച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനത്തിന് പറയാൻ നേട്ടങ്ങളേറെ. കേരളം കണ്ട ഏകാധിപതിയായ മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറയാത്ത പ്രസ്ഥാനം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ചങ്കുറപ്പോടെ ചോദ്യം ചെയ്തതും കെഎസ്‌യുവിന്‍റെ ചുണക്കുട്ടികൾ തന്നെ. ഭരണസിരാ കേന്ദ്രത്തിലെ വമ്പിച്ച സുരക്ഷാക്രമീകരണങ്ങൾ ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പടിവാതിൽക്കൽ എത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചപ്പോഴും പിണറായി വിജയൻ പോലീസിനെ ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴും അതെല്ലാം നെഞ്ചുറപ്പോടെ കെഎസ്‌യുവിന്‍റെ പോരാളികൾ നേരിട്ടു.

കേരള സർവകലാശാല എസ്എഫ്ഐ നേതാക്കൾക്ക് വേണ്ടി നടത്തിയ ഒത്തുകളി പുറത്തുവന്നപ്പോൾ കവടിയാറിലെ രാജവീഥിയിൽ ഗവർണറെ കാണാനെത്തിയ സർവകലാശാല വിസിക്കെതിരെയും പ്രതിഷേധമിരമ്പി. സർവകലാശാലകളിലെ അട്ടിമറികളും അഴിമതികളും പുറത്തുവന്നപ്പോൾ സർവകലാശാല ഉപരോധിച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ചും തിരുവനന്തപുരത്തെ തെരുവീഥികളിൽ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ നിറസാന്നിധ്യമായി കേരള വിദ്യാർത്ഥി യൂണിയൻ. എസ്എഫ് ഐ കുത്തകയാക്കി വച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു ചരിത്രം തിരുത്തി കുറിച്ചു . ഇക്കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്‍റെ ഡെൽന തോമസ് ആർട്സ് ക്ലബ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ അനന്തപുരിയുടെ ചരിത്രം ഉറങ്ങുന്ന യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ ഏകാധിപത്യം തകർത്തു എന്ന നേട്ടവും കെഎസ്‌യു സ്വന്തമാക്കി.

ഇക്കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എംജി സർവകലാശാലയിലും കെഎസ്‌യു സമഗ്രാധിപത്യം നേടി. കേരള സര്‍വകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ സംസ്കൃതം അധ്യാപികയായ ഡോ. പൂര്‍ണിമ മോഹനെ നിയമിച്ചതും തുടർന്ന് കെഎസ്‌യു നടത്തിയ സമരപരമ്പരകളും വിജയം കണ്ടതോടെ ഡോക്ടർ പൂർണിമ രാജിവെക്കേണ്ടിവന്നു. അങ്ങനെ തുടരുന്നു കെഎസ്‌യു സമരപോരാട്ടങ്ങളുടെ വിജയഗാഥകൾ.

പിറവിയെടുത്ത് 65 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും കെഎസ്‌യുവിന്‍റെ സമരപാതകളിൽ ഇപ്പോഴും തളരാത്ത പോരാട്ടവീര്യത്തിന്‍റെ തീയാളുന്നു. സർഗവഴികളിൽ വസന്തം വിരുന്നിനെത്തുന്നു. ദീപശിഖാങ്കിത നീല പതാക വാനിൽ ഉയർത്തി പിടിക്കാൻ വരും തലമുറ കാത്തു നിൽക്കുമ്പോൾ ഈ പ്രസ്ഥാനം തകരില്ല, തളരില്ല…