കടബാധ്യത : കെഎസ്ആര്‍ടിസിക്ക് ഒറ്റത്തവണ സഹായം പ്രഖ്യാപിക്കണം: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, July 30, 2021

കടബാധ്യത കുറയ്ക്കാന്‍ ഒറ്റത്തവണ സഹായം അനുവദിച്ച് കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക,സ്വതന്ത്ര സ്വിഫ്റ്റ് കമ്പനി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ സഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സ്വതന്ത്ര സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നതിനാല്‍ ആ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ജീവനക്കാരെ പീഡിപ്പിക്കുകയും കോര്‍പ്പറേഷനെ തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേയുള്ള ന്യായമായ സമരമാണ് കെഎസ്ആര്‍ടിസി ജീവവനക്കാരുടെത്.ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാനോ, തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കാനോ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ തയ്യാറാകുന്നില്ല. ജീവനക്കാരോട് പകവീട്ടുന്നത് പോലെയാണ് ഡ്യൂട്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇടതുഭരണത്തില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു.

ജീവനക്കാരുടെ ഡിഎ 6 ഗഡു കുടിശ്ശികയാണ്.പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നില്ല. എട്ടു മണിക്കൂര്‍ ജോലിസമയം ഇപ്പോള്‍ 12 മണിക്കൂറായി വര്‍ധിപ്പിച്ചു. പൊതുജനം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ലാഭനഷ്ടം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ലെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ അവകാശമായിട്ടാണ് കണ്ടത്. കെഎസ്ആര്‍ടിസിയെ ഒരു ഭാരമായി ഒരിക്കലും യുഡിഎഫ് സര്‍ക്കാര്‍ കണ്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.