ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12 രൂപയാക്കി

Jaihind Webdesk
Friday, March 22, 2024

 

തിരുവന്തപുരം: നഗരത്തിലെ ഇ-ബസുകളുടെ നിരക്ക് കൂട്ടിയും സര്‍വീസുകള്‍ വെട്ടിക്കുറച്ചും കെഎസ്ആർടിസിയുടെ രഹസ്യപ്രഹരം. ജനപ്രിയ ഓർഡിനറി സർവീസ് സിറ്റി ഫാസ്റ്റാക്കിയാണ് മിനിമം നിരക്ക് 12 രൂപയാക്കിയത്. കോർപ്പറേഷൻ പങ്കാളിത്തത്തോടെയുള്ള ഈ ബസ് പദ്ധതിയിൽ രഹസ്യമായി നിരക്ക് വർധിപ്പിച്ചതിൽ കടുത്ത അമർഷത്തിലാണ് നഗരസഭ.

മതിയായ ചർച്ചകൾ ഇല്ലാതെയാണ് തലസ്ഥാന നഗരത്തിലെ ഇ-ബസുകളുടെ നിരക്ക് കെഎസ്ആർടിസി വർധിപ്പിച്ചത്. ഗതാഗത മന്ത്രിയായി ചുമതലയേറ്റ നാൾമുതൽ ഇലക്ട്രിക് ബസുകൾ ലാഭത്തിലല്ല എന്ന നിലപാടാണ് കെ.ബി. ഗണേഷ് കുമാർ സ്വീകരിച്ചു വന്നത്. ഇതിന്‍റെ  തുടർച്ചയായാണ് തലസ്ഥാനത്തെ ഇ-ബസുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപയിൽ നിന്നും 12 രൂപയായിട്ടാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ജനപ്രിയ ഓർഡിനറി സർവീസ് സിറ്റി ഫാസ്റ്റാക്കിയാണ് മിനിമം നിരക്ക് 12 ആക്കിയത്. ഇതിനുപുറമെ പല സർവീസുകളും കെഎസ്ആർടിസി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എട്ട് സർക്കിളുകളിൽ നിന്ന് രണ്ടു ബസുകൾ വീതം ഇതിനകം പിൻവലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാർക്കും ബുദ്ധിമുട്ടായി. സിറ്റി സർവീസുകൾ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ കോർപ്പറേഷൻ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.കോർപ്പറേഷന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ഇ-ബസ് സർവീസുകൾ ആരംഭിച്ചത്. മതിയായ ചർച്ചകളോ കൂടിയാലോചനകളോ നടത്താതെ കെഎസ്ആർടിസി നടത്തിയ ഏകപക്ഷിയ നീക്കത്തിനെതിരെ കോർപ്പറേഷൻ അതൃപ്തി അറിയിച്ചു കഴിഞ്ഞു. നിരക്ക് വർധിപ്പിച്ചും സർവീസുകൾ വെട്ടിക്കുറച്ചും കെഎസ്ആർടിസി നടത്തിയ രഹസ്യ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.