രണ്ട് പദ്ധതികള്‍ക്കും മാറ്റിവെച്ച തുക കൊറോണ ചെലവിനായി വകമാറ്റണം; സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ കെ.എസ് ശബരീനാഥന്‍ എംഎല്‍എ

Jaihind News Bureau
Wednesday, April 1, 2020

കൊവിഡ് ഭീതിക്കിടയിലും ധൂര്‍ത്ത് തുടരുന്ന സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനും കേരള പൊലീസിന്‍റെ സ്പീഡ് ക്യാമറ പദ്ധതിയ്ക്കുമായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വകമാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഗവൺമെന്റ് തന്നെ മലയാളികളെ ഏപ്രിൽ ഫൂളാക്കി- ഒന്നല്ല,രണ്ടുതവണ!

1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ വലിയ വിവാദമായിരുന്നു.അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോൾ ആരും അറിയാതെ കൊറോണ ഭീതിക്കിടയിൽ 1 കോടി 70 ലക്ഷം രൂപ പവൻ ഹാൻസ് കമ്പനിക്ക് നൽകാൻ ഉത്തരവായി.

2) ഏറ്റവും കൂടുതൽ അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെൽട്രോൺ വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു. കെൽട്രോൺ സഹായത്തോടെ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നൽകുമെന്നായപ്പോൾ അത് വിവാദമായി, സർക്കാർ പദ്ധതി മാറ്റിവെച്ചു. എന്നാൽ ഇപ്പോൾ ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം. ഈ അഴിമതി ചാലഞ്ച് സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ പാവപ്പെട്ട നാട്ടുകാർ സാലറി ചലഞ്ച് ഏറ്റെടുക്കും.

#അഴിമതിചലഞ്ച്