കണ്ണൂർ വിമാനത്താവളത്തിലെ കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും ക്രമക്കേട്; പൊതുമേഖല സ്ഥാപനമായ കിറ്റ്കോയെ തഴഞ്ഞ് കരാർ നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ| VIDEO

Jaihind News Bureau
Tuesday, July 21, 2020

 

കണ്ണൂർ: മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവളത്തിലെ കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും ക്രമക്കേട്. കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ കൺസൾട്ടൻസി കരാർ നൽകിയത് പൊതുമേഖല സ്ഥാപനമായ കിറ്റ്കോയെ തഴഞ്ഞ്. സംസ്ഥാന സർക്കാരിലെ ഉന്നതർ ഇടപെട്ടാണ് കെപിഎംജിക്ക് കരാർ നൽകിയത്. വ്യോമയാന, വ്യോമയാനേതര വരുമാനം വഴി കമ്പനി ലാഭത്തിലാക്കാൻ 13.89 കോടിക്കുള്ള കരാർ നൽകി ഒരു വർഷം കഴിഞ്ഞിട്ടും കെപിഎംജി വഴി വിമാനത്താവളത്തിൽ ഒരു പുതിയ പദ്ധതിയും വന്നില്ല.

2019 ജൂലൈ രണ്ട് മുതലാണ് കണ്ണൂര്‍ വിമാനത്താവളവും കെപിഎംജി അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള കരാര്‍ നിലവില്‍ വന്നത്. ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി സേവനം നല്‍കുന്നതിന് 13,89,73,853 രൂപയ്ക്കാണ് കിയാല്‍ കെ.പി.എം.ജിയുമായി കരാര്‍ ഒപ്പിട്ടത്. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ രണ്ടുവര്‍ഷത്തേക്കു കൂടി കണ്‍സല്‍ട്ടന്‍സി സേവനം നീട്ടുന്നതിനു 3,87,18,829 കോടി രൂപ കൂടി കിയാല്‍ കെ.പി.എം.ജിക്ക് നല്‍കണമെന്നും കരാറിലുണ്ട്. വ്യോമയാന, വ്യോമയാനേതര വരുമാനം വഴി കിയാൽ ലാഭത്തിലാക്കാൻ 13.89 കോടിക്കുള്ള കരാർ നൽകി ഒരു വർഷം കഴിഞ്ഞിട്ടും കെ പി എം ജി വഴി ഒരു പദ്ധതിയും കണ്ണൂർ വിമാനത്താവളത്തിൽ വന്നില്ല.

പ്രൊജക്ട് റിപ്പോർട്ടിന്‍റെ ഫീസായ 74 ലക്ഷം രൂപ ജൂൺ മാസം കിയാൽ കെ പി എം ജിക്ക് നൽകുകയും ചെയ്തു. ഇതോടൊപ്പം കെപിഎംജി രണ്ട് കോടി രൂപയുടെ ബില്ലും കിയാലിന് നൽകിട്ടുണ്ട്. പ്രവർത്തനം തുടങ്ങി ഇതുവരെ ലാഭത്തിലാവാത്ത കിയാലിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ കരാർ കാരണം ഉണ്ടായിരിക്കുന്നത്. 2017 ജൂലൈ മുതല്‍ 2018 ഡിസംബര്‍ 31 വരെ നല്‍കിയ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സിക്ക് കിറ്റ്‌കോ ഈടാക്കിയത് 3.5 കോടി രൂപ മാത്രമാണ് . ആ സ്ഥാനത്താണ് കിറ്റ്കോയെ ഒഴിവാക്കി ഇത്രയും വലിയ തുകയ്ക്ക് കൺസൾട്ടൻസി കരാർ കെ പി എംജിയ്ക്ക് നൽകിയത്. മുഖ്യമന്ത്രി ചെയർമാനായുള്ള കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ  കൺസൾട്ടൻസി കരാർ വിവാദ കമ്പനിയായ കെപിഎംജിക്ക് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഉന്നതരുടെ അറിവോടെയാണ്. കിയാൽ എംഡിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തനുമായ വി.തുളസിദാസ് മുൻകൈയെടുത്താണ് കെ പി എം ജി യ്ക്ക് കരാർ നൽകിയത്.

 

https://www.facebook.com/JaihindNewsChannel/videos/316808663028619