എ.പി.അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Monday, June 3, 2019

മോദിസ്തുതിയുടെ പേരില്‍ എ പി അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി. വിഷയത്തില്‍ അബ്ദുളളക്കുട്ടി പരിഹാസ പൂർണമായ മറുപടിയാണ് പാർട്ടിക്ക് നല്‍കിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളിരാമചന്ദ്രന്‍ വ്യക്തമാക്കി.

നരേന്ദ്രമോദിയെ സ്തുതിച്ചുകൊണ്ടുളള ഫെയ്സ്ബുക്ക് പോസ്റ്റിനുപിന്നാലെ എ പി അബ്ദുളളക്കുട്ടി കോണ്‍ഗ്രസ്സിന് പുറത്തേക്ക്. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായ അബ്ദുളളക്കുട്ടിയുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് നടപടിക്ക് കാരണമായി കെപിസിസി ചൂണ്ടിക്കാട്ടിയത്. പാർട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ അബ്ദുളളക്കുട്ടി നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്തു. പരിഹാസപൂര്‍വമായ മറുപടിയാണ് അബ്ദുളളക്കുട്ടി പാർട്ടിക്ക് നല്‍കിയതെന്ന് നടപടി വിശദീകരിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രനേതൃത്വത്തിന്‍റെ കൂടി അനുമതിയോടെയാണ് കെപിസിസി നടപടി സ്വീകരിച്ചത്.

കഴിഞ്ഞ 27 നാണ് മോദി സ്തുതിയുമായി അബ്ദുല്ലക്കുട്ടി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്. ഇതേ തുടർന്ന് കെപിസിസി അബ്ദുല്ലക്കുട്ടിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.

അബ്ദുള്ളക്കുട്ടിയുടെ ഫെയിസ് ബുക്ക് പോസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ വേണ്ടിയായിരുന്നുവെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി.കോൺഗ്രസുകാരന് ചേരാത്ത രീതികളായിരുന്നു അബ്ദുള്ളക്കുട്ടിയുടേത്. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് തന്നെയായിരുന്നു ഡിസിസിയുടെ താൽപര്യവും. സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയെ സഹായിച്ചയാളാണ് കെ.സുധാകരൻ. കണ്ണൂർ മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാനായി അബ്ദുള്ളക്കുട്ടി പ്രവർത്തിച്ചു. അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് വന്നതും പോകുന്നതും ഒറ്റയ്ക്കാണെന്നും സതീശൻ പാച്ചേനി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.