
പുതുതായി രൂപീകരിച്ച കെപിസിസിയുടെ 17 അംഗ കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് നടക്കും. സംസ്ഥാനത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സംഘടനാപരമായ നീക്കങ്ങളും ഏകോപിപ്പിക്കുന്നതിനായി എഐസിസി നേതൃത്വമാണ് ഈ ഉന്നതതല സമിതിക്ക് രൂപം നല്‍കിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഈ കോര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് ഇന്നത്തെ യോഗം പ്രാഥമികമായി രൂപം നല്‍കുന്നത്.
സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ യോഗം ആവിഷ്‌കരിക്കും. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ക്കതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ 17 അംഗ സമിതിയുടെ പ്രവര്‍ത്തനം നിര്‍ണായകമാകും.