വോട്ടർ പട്ടികയിലെ ക്രമക്കേട്: KPCC സമിതി കണ്ണൂരില്‍ തെളിവെടുപ്പ് നടത്തി; പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍

Monday, June 3, 2019

 

KC-Joseph

വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കെ.പി.സി.സി സമിതി കണ്ണൂരിൽ തെളിവെടുപ്പ് നടത്തി. വോട്ടർ പട്ടികയിൽ നിന്നും യു.ഡി.എഫ് അനുഭാവികളുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമഗ്രമായ പരാതി നൽകുന്നതിന് വേണ്ടി കെ.പി.സി.സിയാണ് സമിതിയെ നിയോഗിച്ചത്.

കെ.സി ജോസഫ് എം.എൽ.എയുടെ നേതൃത്തിൽ കണ്ണൂർ ഡി.സി.സി ഓഫിസിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കെ.പി.സി.സി സമിതി തെളിവുകൾ ശേഖരിച്ചത്. ജില്ലയിൽ ഒട്ടേറെ ബൂത്തുകളിൽ യു.ഡി.എഫ് അനുഭാവികളുടെ പേര് ബൂത്ത്‌ ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ജില്ലാ കോൺഗ്രസ് ഭാരവാഹികളും ബ്ലോക്ക് പ്രസിഡൻറുമാരും സമാഹരിച്ച പരാതികൾ കെ.പി.സി.സി സമിതിക്ക് കൈമാറി. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രത്യേക യോഗം ചേർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടെ പേരും വിവരങ്ങളും കൈമാറിയത്. അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് കൂടാതെ ഉദ്യോഗസ്ഥരുടെ നിയമനം മുതൽ വോട്ട് ഇരട്ടിപ്പ് വരെയുള്ള ക്രമക്കേടുകൾ  കണ്ടെത്തിയതായി കെ.സി ജോസഫ് എം.എൽ.എ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം സുരേഷ് ബാബു, കെ.പി അനിൽകുമാർ, കെ.പി കുഞ്ഞിക്കണ്ണൻ, വി.എ നാരായണൻ, സുമാ ബാലകൃഷ്ണൻ, സജി വി ജോസഫ് തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലയിലെ തെളിവെടുപ്പാണ്  കെ.പി.സി.സി സമിതി പൂർത്തിയാക്കിയത്. മറ്റ് ജില്ലകളിലെയും കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമഗ്രമായ പരാതി നൽകും.