കൊവിഡ് പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നത് ; സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിന് സബ്സിഡി നല്‍കണം : വി.ഡി സതീശൻ

Jaihind Webdesk
Saturday, August 7, 2021

 

തിരുവനന്തപുരം : സർക്കാരിന്‍റെ കൊവിഡ് സാമ്പത്തിക പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് വാക്സിൻ വിതരണത്തിൽ ധാരാളം പിഴവുകളുണ്ടെന്നും സ്വകാര്യ ആശുപത്രികൾ വഴി നടത്തുന്ന വാക്സിൻ വിതരണത്തിന് സർക്കാർ സബ്സിഡി കൊടുത്താൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് ഉണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കണം. കൊവിഡ് ദുരന്ത നിവാരണ കമ്മീഷൻ ഉണ്ടാക്കി ഓരോ മേഖലയിലെയും പ്രശ്നങ്ങൾ പഠിക്കണമെന്നാണ് യുഡിഎഫിൻ്റെ നിർദ്ദേശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹാമാരിയും സാമ്പത്തിക മാന്ദ്യവും ഒരുമിച്ച് നേരിടേണ്ട അവസ്ഥയാണ് ഇപ്പോൾ. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പാണ്  സർക്കാർ ഇപ്പോൾ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന് ക്വാട്ട കൊടുത്ത് ജനങ്ങളെ കൊണ്ട് പിഴ അടപ്പിക്കുകയാണ് സർക്കാർ. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ അശാസ്ത്രീയ രീതി കൊവിഡ് വ്യാപനത്തിന് ഉതകുന്നതാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും നിലവിലെ സർക്കാർ മാനദണ്ഡപ്രകാരം 57 ശതമാനം പേർക്കും പുറത്തിറങ്ങാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിൽ എതിർക്കേണ്ട വിഷയങ്ങളെ ഇനിയും എതിർക്കുമെന്നും വി.ഡി സതീശൻ കൂട്ടിചേർത്തു.