കോവിഡ്-19 : കൊച്ചിയിലെ കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14

Jaihind News Bureau
Wednesday, March 11, 2020
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ  രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. പുതിയതായി രണ്ടുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു.  പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി നേരത്തെ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 14 പേരായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേരും ചികിത്സയിലുണ്ട്. ഇവരുടെ  ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുറേ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പ്രത്യേക മാപ്പിംഗ് തയാറാക്കിയാണ് ഇവര്‍ സമ്പര്‍ക്കം പുലർത്തിയവരെ  കണ്ടെത്തുന്നത്. എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. എല്ലാ വിധ സഹായങ്ങളും കേന്ദ്രസർക്കാർ വാഗദാനം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.