പാലാ ഉപതെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിന് ആവേശോജ്വല സമാപനം. മൂന്ന് മുന്നണികളും വ്യത്യസ്ത ഇടങ്ങളിലാണ് കൊട്ടിക്കലാശം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ പ്രചാരണത്തിന് ആവേശം നിറച്ച് ആയിരങ്ങളാണ് അണിനിരന്നത്. ശനിയാഴ്ച ശ്രീനാരായണ ഗുരുസമാധി ആയതിനാല്‍ ഇന്ന് കൊട്ടിക്കലാശം നടത്താന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.
പാലാ കുരിശുപള്ളി കവലയിലായിരുന്നു യു.ഡി.എഫിന്‍റെ കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ നാളെ പരസ്യപ്രചാരണം ഒഴിവാക്കി ഇന്നുതന്നെ കൊട്ടിക്കലാശം നടത്താന്‍ മൂന്ന് മുന്നണികളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ചെണ്ടമേളത്തിന്‍റെയും വാദ്യമേളത്തിന്‍റെയും അകമ്പടിയോടുകൂടിയായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. യു.ഡി.എഫിന്‍റെ പ്രചാരണത്തിന് ആവേശമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ സജീവമായിരുന്നു. നാളെയും മറ്റന്നാളും പാലായില്‍ നിശബ്ദപ്രചാരണത്തിന്‍റെ ദിവസങ്ങളാണ്.
ഒരു മാസമായി പാലായില്‍ നിലനിന്ന തെരഞ്ഞെടുപ്പ് ചൂട് അതിന്‍റെ ഉച്ചസ്ഥായിയില്‍ പ്രകടമാകുന്നതായിരുന്നു കൊട്ടിക്കലാശത്തിന്‍റെ കാഴ്ചകള്‍. യു.ഡി.എഫിന്‍റെ കൊട്ടിക്കലാശത്തിന് ആവേശം പകർന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു കൊട്ടിക്കലാശം. തിങ്കളാഴ്ചയാണ് പാലായില്‍ വോട്ടെടുപ്പ്. വെള്ളിയാഴ്ച ഫലം അറിയാം.
https://www.youtube.com/watch?v=7fjseD_gAb8