കൂടത്തായി കൊലപാതക കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങൾ ഉണ്ടാകും. ഇപ്പോഴുള്ള സംഘം ആറായി തിരിഞ്ഞാകും ഇനി അന്വേഷണം നടത്തുക. ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും. സംഘത്തിലേയ്ക്ക് മികച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇനിയും ഉള്‍പ്പെടുത്തും. തുടർ മരണങ്ങളിൽ വെവ്വേറെ എഫ്.ഐ.ആർ എടുക്കണമോ എന്നത് സംബന്ധിച്ച് തീരുമാനവും ഇന്നുണ്ടായേക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇന്ന് ഇക്കാര്യത്തിൽ വ്യക്തത തേടും. സൈനയിഡ് ഉപയോഗത്തിന്റെയടക്കം ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്ന കാര്യത്തിലും നിയമപരമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. മറ്റു മരണങ്ങളെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും, കാലപ്പഴക്കമുള്ള കേസായതിനാൽ അന്വേഷണത്തിന് വെല്ലുവിളികളുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രതികരിച്ചിരുന്നു. കേസില്‍ ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേയ്ക്കും.
അതേസമയം, കേസിലെ പ്രതി ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടു കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമൺ. മറ്റൊരു വീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. അടുത്തകാലത്താണ് ഈ ശ്രമങ്ങൾ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തത്.
റോയിയുടെ മരണം പ്രത്യേക എഫ്ഐആർ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകൾ ലഭ്യമായത്. ഇതിൽ പ്രത്യേകശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിൽ കല്ലറയിൽ നിന്നുകിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. മൈറ്റോകോൺഡ്രിയൽ ഡിഎൻഎ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡിഎൻഎ സാംപിൾ എടുക്കും. കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സിലിയുടെ സഹോദരൻ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയും മൊഴിയാണ് എടുത്തത്. തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങൾ തള്ളി.
രണ്ടാം വിവാഹത്തിൽ സിലിയുടെ കുടുംബത്തിൽ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നൽകി. റോയിയുടെ സഹോദരൻ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നൽകിയത്. അതിനിടെ, ജോളിയെ മുഴുവൻസമയവും നിരീക്ഷിക്കാൻ കോഴിക്കോട് ജയിലിൽ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും നടത്തി.