കോടിയേരിയുടേത് വിഷലിപ്തമായ പ്രസ്താവന; സിപിഎം വർഗസമരം ഉപേക്ഷിച്ച് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് എംഎം ഹസന്‍

Jaihind Webdesk
Monday, January 17, 2022

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍.  കോടിയേരിയുടേത് വിഷലിപ്തമായ പ്രചാരണമെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി. വർഗസമരം ഉപേക്ഷിച്ച് സിപിഎം വർഗീയ പ്രചാരണം ഏറ്റെടുത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എല്ലാ മതവിഭാഗത്തേയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ പാർട്ടിയാണ്. സിപിഎം പച്ചയായ വർഗീയത പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് എംഎം ഹസന്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളെ പരിഗണിക്കാത്ത പാർട്ടിക്ക് യുഡിഎഫിനോട് ചോദ്യം ചോദിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് രാമചന്ദ്രൻ പിള്ളയുടെ ചൈനാസ്തുതി  അത്ഭുതകരമെന്ന് യുഡിഎഫ് കണ്‍വീനർ പ്രതികരിച്ചു. ദേശസ്നേഹമുള്ള ആർക്കെങ്കിലും ചൈനയെ വാഴ്ത്താൻ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
രാമചന്ദ്രൻ പിള്ളയും കോടിയേരിയും ചൈനീസ് ചാരന്മാരെ പോലെയാണ് സംസാരിക്കുന്നതെന്നും എംഎം ഹസന്‍ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.