സിപിഐ ക്കെതിരെ കോടിയേരി ; റവന്യൂ-കൃഷി വകുപ്പുകള്‍ പദ്ധതികളെ അട്ടിമറിക്കുന്നെന്ന് വിമർശനം

Jaihind Webdesk
Wednesday, January 5, 2022

കുമളി : സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. സിപിഐയുടെ വകുപ്പുകള്‍ സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ടെന്നും റവന്യൂ-കൃഷി വകുപ്പുകള്‍ ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും കോടിയേരി വിമർശനമുന്നയിച്ചു.  സിപിഐക്കെതിരായി സമ്മേളന പ്രതിനിധികളുയര്‍ത്തിയ വിമര്‍ശനത്തെ പിന്തുണച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധം മൃഗങ്ങളുമായിട്ടാണെന്നും മനുഷ്യരുമായി ബന്ധമില്ലാത്തതിനാലാണ് മൃഗങ്ങളെപ്പോലെ പെരുമാറുന്നതെന്നും കോടിയേരി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ബന്ധത്തിലൂടെ വോട്ടുവിഹിതം കാര്യമായി വര്‍ധിപ്പിക്കാനായില്ലെന്നും കോടിയേരി വ്ക്തമാക്കി. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന ആക്ഷേപവും സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.

അതേസമയം , പൊലിസിന്‍റെ  വീഴ്ചകള്‍ കോടിയേരി ബാലകൃഷ്ണന്‍ തുറന്നുസമ്മതിച്ചു . പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പൊലീസിന്‍റെ  ഇടക്കാല പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്യുമെന്നും  സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.