ദുരന്തനിവാരണ ധനസഹായം; കേന്ദ്രത്തിന്‍റെ വിവേചനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി: കൊടിക്കുന്നിൽ സുരേഷ് എം പി

Jaihind News Bureau
Saturday, April 4, 2020

ന്യൂഡല്‍ഹി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാർ കാട്ടിയ വിവേചനം ഈ വലിയ ദുരന്തത്തെ നേരിടുന്ന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം എന്നാൽ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കിയ ഫെഡറൽ സംവിധാനങ്ങളിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്ന കേന്ദ്ര സർക്കാരിൻറെ നീതി ഇല്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം ആണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വളരെ പരിമിതമായ വിഭവങ്ങൾ ഉള്ളപ്പോൾ പോലും ശക്തമായ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , ബഹുജന കക്ഷികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ പരിപൂർണ്ണ പങ്കാളിത്തത്തോടെ കൊറോണ വ്യാപന പ്രതിരോധ നടപടികൾ മികച്ച രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിന് നേർക്ക് ഇത്തരത്തിലുള്ള ചിറ്റമ്മനയം കാണിക്കുന്നത് ശരിയല്ല എന്നും കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു.

ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഒരു കോവിഡ് രോഗിക്ക് ആശുപത്രിയിലെ സൗകര്യങ്ങൾക്കു പുറമേ സംസ്ഥാന സർക്കാരിന് ചെലവ് വരിക 2 ലക്ഷം രൂപ വരെ ആണ്. വാർഡിൽ കഴിയുന്ന രോഗിക്ക് ചികിത്സകൾക്കായി ഒരു ലക്ഷം രൂപ വരെയും ചെലവു വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 15 മുതൽ 20 ലക്ഷം വരെ ചെലവു വരുന്ന ചികിത്സകളാണ് സൗജന്യമായി ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നത്. ഇത്തരം ഭീമമായ ചിലവുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതേ അത് മുഴുവനും സ്വാംശീകരിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ആവരുത് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്.

കേരളത്തിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് കൊണ്ട് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. അടുത്തവർഷം നടക്കാനിരിക്കുന്ന മഹാകുംഭമേള ക്ക് 374 കോടി രൂപ അനുവദിക്കുന്ന സമയത്ത് ഇപ്പോഴത്തെ പ്രധാനപ്പെട്ട ആവശ്യമായ കൊറോണ വ്യാപന പ്രതിരോധ നടപടികൾക്കായി കൂടുതൽ തുക സംസ്ഥാനങ്ങൾക്ക് അനുവദിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .