‘കെ റെയില്‍ എന്നത് സിപിഎമ്മിന് കമ്മീഷന്‍ റെയില്‍, ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പാർട്ടി ഫണ്ടാണ് ലക്ഷ്യം ; കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind Webdesk
Saturday, October 23, 2021

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാക്കി യുഡിഎഫ്. കെ റെയിൽ പദ്ധതിയെന്നാൽ കമ്മീഷൻ റെയിൽ പദ്ധതിയെന്നാണെന്നും ബംഗാളിൽ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാൽ അടുത്ത 25 വർഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്.

കെ – റയിൽ സിപിഎമ്മിനു മാത്രം താത്പര്യമുള്ള പദ്ധതിയാണ്. ഈ പദ്ധതിയിൽ സിപിഎമ്മിന് ഇരട്ടിത്താപ്പ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രയിനെ എതിർത്തവരാണ് സി.പി.എം നേതൃത്വം. പശ്ചിമ ബംഗാളിൽ നിന്ന് ഫണ്ട് വരാതായതോടെ സിപിഎം നല്ല കമ്മീഷൻ കിട്ടുന്ന പദ്ധതിയിലേക്ക് തിരിയുകയാണ്. കെ റയിൽ എന്നാൽ കമ്മീഷൻ റയിൽ പദ്ധതിയെന്നാണ് ഉദ്ദേശിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പാർട്ടി ഫണ്ടാണ് കെ റെയിലിലൂടെ ലക്ഷ്യമിടുന്നത്. കെ.റയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ സിപിഎം തകരും. മറ്റൊരു നന്ദിഗ്രാമായി കെ റയിൽ മാറും- കൊടിക്കുന്നില്‍ പറഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കഴക്കൂട്ടം കരിമണലിൽ പ്രദേശവാസികൾ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവ്വേ കല്ലിടാൻ എത്തിയപ്പോൾ ആണ് നാട്ടുകാരും ചില സംഘടനകളും ചേർന്ന് പ്രതിഷേധമുയർത്തിയത്. പദ്ധതിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുമ്പോൾ കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവിൽ അലൈൻമെൻ്റ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ റെയിൽ പാതയിൽ മാറ്റം വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.