തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതാനുള്ള നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതി: കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Tuesday, February 26, 2019

Kodikkunnil-suresh-MP

അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിച്ച് അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ കോടികള്‍ ചെലവാക്കാന്‍ അദാനി ഗ്രൂപ്പ് തയാറായി നില്‍ക്കുമ്പോളാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങള്‍ പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതും കോര്‍പറേറ്റ് കമ്പനികള്‍ക്ക് വില്‍ക്കുന്നതും സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത്.  മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അദാനിക്കും അംബാനിക്കും രാജ്യത്തിന്‍റെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ പരസ്യമായി കച്ചവടം ചെയ്യുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍തന്നെ നരേന്ദ്രമോദിയുടെ മാനസപുത്രനായ ഗൗതം അദാനി, മോദിക്കും ബി.ജെ.പിക്കും അവിഹിത ഇടപാടുകള്‍ നടത്തി കോടികള്‍ ലാഭമുണ്ടാക്കി കൊടുത്ത വ്യക്തിയാണ്. ഈ കോടികളുടെ ഏറിയ പങ്കും ബി.ജെ.പിയുടെ ഫണ്ടിലേക്കാണ് പോയിരുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മറികടന്നുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട ആവശ്യം നിലവിലില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കമ്പനിക്ക് പൂര്‍ണ അധികാരം നല്‍കി ഉടമസ്ഥാവകാശം തീറെഴുതി കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ കൈമാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ദുരൂഹതയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി ഇന്ത്യയെ സ്വകാര്യ വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വില്‍ക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിറ്റുതുലയ്ക്കുന്നതിനെതിരായ സമരപരിപാടികള്‍ക്ക് കെ.പി.സി.സി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അടിയറവ് വെക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

teevandi enkile ennodu para