എസ്.ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.എം. ഷാജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വ്യാജ തെരഞ്ഞെടുപ്പ് നോട്ടീസ് പിടിച്ചെടുത്ത സംഭവത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐ ശ്രീജിത്ത് കോടേരിക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.എം ഷാജി എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. ലഘുലേഖകള്‍ പൊലീസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്.ഐ ആയ ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഈ സാഹചര്യത്തില്‍ എസ്.ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമയുടെ വീട്ടില്‍ നിന്നാണ് വിവാദ ലഘുലേഖകള്‍ പിടിച്ചെടുത്തതെന്നായിരുന്നു എസ്.ഐ ശ്രീജിത്ത് ഹൈക്കോടതിയില്‍ നല്‍കിയ മൊഴി. എന്നാല്‍ എന്‍.പി മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളില്‍, ഇപ്പോള്‍ കേസിനാധാരമായ വര്‍ഗീയപ്രചാരണം സംബന്ധിച്ച ലഘുലേഖകള്‍ ഇല്ല. ലഘുലേഖ പിടിച്ച കേസില്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വിവാദ ലഘുലേഖകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. എന്നിരിക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ സയ്യിദ് മര്‍സൂക് ബാഫഖി മുഖേന നല്‍കിയ ഹരജിയില്‍ ഷാജി ആവശ്യപ്പെട്ടത്.

muslim leagueKM Shaji
Comments (0)
Add Comment