കെ.എം മാണി അന്തരിച്ചു

webdesk
Tuesday, April 9, 2019

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും  ഉച്ചയ്ക്ക് ശേഷം  ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്ന അവസ്ഥയെ തുടര്‍ന്ന് വൈകിട്ട് 4.57 ഓടെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കെ.എം മാണിയെ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായെങ്കിലും ഇന്ന് രാവിലെ നേരിയ പുരോഗതി കൈവരിച്ചിരുന്നു.എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്‍റെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറഞ്ഞ് ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ എത്തുകയും വൈകിട്ട് 4.57 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

മരണ വിവരം അറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് കെ.എം മാണിക്ക് അന്തിമോപചാരം അർപ്പിക്കാനായി ലേക്ക് ഷോർ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. അൽപസമയം ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഭൗതികദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ 9.30 ഓടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കർമ്മ മണ്ഡലമായ കോട്ടയത്തേക്ക് കൊണ്ടു പോകുന്ന ഭൗതിക ശരീരം ആദ്യം തിരുനക്കര മൈതാനത്തും കോട്ടയം ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും തുടർന്ന് പാലയിലെ സ്വവസതിയിലേക്ക് കൊണ്ടു പോകും. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പാല കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.