കെ ടി അദീബ് രാജിവച്ചു; ബന്ധുനിയമനം വിവാദമായ സാഹചര്യത്തിലാണ് രാജി

Jaihind Webdesk
Monday, November 12, 2018

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തുനിന്നും കെ ടി അദീബ് രാജിവച്ചു. ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. മന്ത്രി കെടി ജലീലിന്‍റെ ബന്ധുവായ കെടി അദീബിന്‍റെ നിയമനം സംബന്ധിച്ച് വലിയ വിവാദമായ സാഹചര്യത്തിലാണ് കെടി അദീബ് രാജിവച്ചിരിക്കുന്നത്. എന്നാൽ മന്ത്രിയുടെ ആവശ്യപ്രകാരമാണ് രാജിഎന്നും സൂചനയുണ്ട്.

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്നും കെടി ആബിദ് രാജിവച്ചു. രാജികത്ത് കെഎസ്എംഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർക്ക് കൈമാറി. രാജിക്കത്തിൽ അദീബ് പറയുന്നകാര്യങ്ങൾ ഇവയാണ്. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ അഭ്യുന്നതിക്കായി പ്രവർത്തിക്കുന്ന ഒരുസ്ഥാപനത്തെ സേവിക്കുക എന്ന സദുദ്ദേശമല്ലാതെ, മറ്റൊന്നും കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ ജനറൽ മാനേജർ പദവി ഏറ്റെടുക്കുമ്പോൾ തനിക്കുണ്ടായിരുന്നില്ല. എന്നാൽ ആത്മാഭിമാനംപോലും ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിൽ സ്ഥാപനത്തിൽ തുടരാൻ വ്യക്തിപരമായി പ്രയാസമുണ്ട്. അതിനാൽ തന്‍റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് തിരിച്ചുപോകാൻ തിങ്കളാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അനുവാദം നൽകണമെന്ന് അപേക്ഷിക്കുന്നു. തിങ്കളാഴ്ച ചേരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗത്തിൽ രാജിക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എംഡിയും ചെയർമാനും അറിയിച്ചു.

അതിനിടെ മന്ത്രി കെടി ജലീലിന്‍റെ ആവശ്യപ്രകാരമാണ് അദീബിന്‍റെ രാജി എന്നും സൂചനയുണ്ട്. നിയമനം സംബന്ധിച്ച് കഴിഞ്ഞ 10 ദിവസത്തോളമായി വലിയവിവാദങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിയും, ഭരണസമിതിയും നിയമന വിവാദം തണുപ്പിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്. അദീബിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും, സ്വകാര്യ സ്ഥാപനത്തിൽ നിന്നും സർക്കാർ സർവ്വീസിൽ ഡപ്യുട്ടേഷൻ ലഭിക്കുന്നത് സംബന്ധിച്ചും, വിജിലൻസ് ക്ലിയറൻസ് സംബന്ധിച്ചുമെല്ലാം മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയുന്ന കാഴ്ചയാണ് കണ്ടത്.

ഒക്ടോബർ 10നാണ് അദീബ് ജനറൽ മാനേജർ തസ്തികയിൽ ചുമതലയേറ്റെടുത്തത്. വിവാദങ്ങൾ നിറഞ്ഞ ഒരുമാസം പൂർത്തിയാക്കി പിന്നാലെ രാജിയും അറിയിച്ചിരിക്കുന്നു. ബന്ധുനിയമന വിവാദം കെടി അദീബിന്‍റെ രാജികൊണ്ട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്നും രാജിവച്ചത് അനധികൃതമായി സർവ്വീസിൽ പ്രവേശിച്ച ബന്ധു രാജിവച്ചതിന് ശേഷമാണ് എന്നതും ഇവിടെ ശ്രദ്ദേയമാണ്. എന്തായാലും അദീബ് രാജിവച്ചാലും കെടി ജലീലിനെതിരെ സമരം തുടരുമെന്ന് യൂത്ത് ലീഗും,യൂത്ത് കോൺഗ്രസും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

https://youtu.be/6bvEx7CgM7E