സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ടില്ല; വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Jaihind Webdesk
Thursday, August 15, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്കുശേഷം കാലാവസ്ഥയില്‍ ഇന്ന് മുതല്‍ വ്യത്യാസമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് ഇല്ല. അതേസമയം, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇവിടെ മഴ ശക്തിപ്പെട്ടേക്കും. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ 29 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റ് ഉള്ളതിനാല്‍ ആരും മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്.