സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും കുടിശിക പിരിച്ചെടുക്കാതെ ജല അതോറിട്ടി; പിരിച്ചെടുക്കേണ്ടത് 4209 കോടി

Jaihind Webdesk
Monday, December 25, 2023


സാമ്പത്തിക പ്രതിസന്ധിയെന്ന് എണ്ണിയെണ്ണി പറയുമ്പോഴും കുടിശ്ശിക പിരിച്ചെടുക്കാതെ ജല അതോറിട്ടി. 5554 കോടി രൂപയുടെ കുടിശികയില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പിരിച്ചെടുത്തത് 1345 കോടി മാത്രം. ഗാര്‍ഹികേതര കുടിശിക പിരിക്കുന്നതിലാണ് ഏറ്റവും അലംഭാവം.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അടുത്തിടെ വെള്ളക്കരം വര്‍ധിപ്പിച്ച ജല അതോറിറ്റി നിലവില്‍ പിരിച്ചെടുക്കാനുള്ള കുടിശിക എത്രയെന്നറിയാമോ, 4209 കോടി രൂപ. ഒരു വര്‍ഷം മുമ്പ് ആകെ കുടിശിക 5554 കോടി രൂപയായിരുന്നു. ഊര്‍ജിത ശ്രമത്തിനൊടുവില്‍ ജല അതോറിറ്റിക്ക് പിരിച്ചെടുക്കാനായത് 1345 കോടി രൂപ. ഗാര്‍ഹിക ഉപഭോക്താക്കളുടെ 1406 കോടി കുടിശികയില്‍ നിന്ന് 882 കോടി പിരിച്ചെടുത്തു. വ്യാവസായിക ഉപഭോക്താക്കളുടെ 50 കോടിയില്‍ നിന്ന് 33 കോടിയും , സ്‌പെഷല്‍ വിഭാഗത്തില്‍ നിന്ന് 11 കോടിയും പിരിച്ചു. ഗാര്‍ഹികേതര വിഭാഗത്തിന്റെ 4022 കോടിയില്‍ നിന്ന് വെറും 417 കോടി മാത്രമാണ് പിരിച്ചെടുത്തത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക ജല അതോറിട്ടിയുടെ വെബ് സൈറ്റില്‍ ലഭ്യമല്ലായെന്നും വിവരാവകാശ മറുപടിയിലുണ്ട്.