
വൈസ് ചാൻസലർ നിയമന വിഷയത്തിൽ നിലനിന്നിരുന്ന തർക്കത്തിൽ സർക്കാരും ഗവർണറും ധാരണയിലെത്തിയതായി സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. ചാൻസിലർ കൂടിയായ ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്. സിസ തോമസ്, സജി ഗോപിനാഥ് എന്നിവരെ വിസിമാരായി നിയമിച്ച ഉത്തരവും ഇതോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഈ മാസം 14ന് നടന്ന മുഖ്യമന്ത്രി ഗവർണർ കൂടിക്കാഴ്ചയിലാണ് ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ഈ ധാരണ ജസ്റ്റിസ് ധൂലിയെ ഔദ്യോഗികമായി അറിയിച്ചതായും രേഖകളിൽ പറയുന്നു. ഗവർണറുടെ ഭാഗത്ത് നിന്ന് സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
നീണ്ട നിയമ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, സമവായത്തിനു പിന്നാലെ സിസ തോമസ് ഇന്ന് കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. പണ്ട് തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആരോപണങ്ങൾ വേദനയുണ്ടാക്കിയെന്നും ആയിരുന്നു സിസ തോമസിന്റെ പ്രതികരണം. വലിയ തർക്കത്തിനൊടുവിലെ സർക്കാർ ഗവർണർ ഒത്തുതീർപ്പിന് പിന്നിൽ അന്തർധാര ഉണ്ടെന്നാണ് കോൺഗ്രസ് പ്രതികരണം.