കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനക്കേസില്‍ ഒരന്വേഷണവും നടക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ വിവരാവകാശരേഖ

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് നിയമനക്കേസ് എഴുതി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട്‌ ഫയൽ ചെയ്ത ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് തന്നെ ഇത് സംബന്ധിച്ച് ഒരന്വേഷണവും നടക്കുന്നില്ലെന്ന് വിവരാവകാശ രേഖയിലൂടെ വെളിപ്പെടുത്തി. രേഖയുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

നിലവിൽ കേസിൽ കുറ്റപത്രം നൽകിയിട്ടുള്ള പ്രതികളോടൊപ്പം, നിയമനം ലഭിച്ചവരെ കൂടി പ്രതികളാക്കി പുനരന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥനാണ് സർവീസിൽ നിന്ന് വിരമിക്കുന്നതിന്‍റെ തലേന്നാൾ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ തുടരന്വേഷണത്തിന്‍റെ തൽസ്ഥിതി ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇത് സംബന്ധിച്ച് ഒരു അന്വേഷണവും ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിൽ നടക്കുന്നില്ലെന്ന മറുപടി. മറുപടി നൽകിയ അതേ യൂണിറ്റിന്‍റെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി കോടതിയിൽ നിന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

പരാതിക്കാരന്‍റെ മൊഴി പോലും വാങ്ങാതെ പ്രതികൾക്ക് വേണ്ടി അതീവ രഹസ്യമായാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ക്രൈം ബ്രാഞ്ച് യൂണിറ്റ് ഇപ്പോൾ നൽകിയിട്ടുള്ള വിവരാവകാശരേഖ. വസ്തുതകൾ മറച്ചുവെച്ച് കളവായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്. ശശികുമാർ ക്രൈംബ്രാഞ്ച് മേധാവിക്ക് പരാതി നൽകി. കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ടിന്മേലുള്ള വിചാരണ ഒക്ടോബർ 9ന് നടക്കും.