കേരള സർവ്വകലാശാല അസിസ്റ്റന്‍റ് നിയമനക്കേസ് എഴുതിത്തള്ളി; ക്രൈംബ്രാഞ്ചിന്‍റെ അസാധാരണ നടപടി പരാതിക്കാരന്‍റെ മൊഴി പോലും രേഖപ്പെടുത്താതെ

Jaihind News Bureau
Saturday, September 19, 2020

കേരള സർവ്വകലാശാല അസിസ്റ്റന്‍റ് നിയമനക്കേസ് എഴുതിത്തള്ളി. ക്രൈംബ്രാഞ്ചിന്‍റെ അസാധാരണ നടപടി പരാതിക്കാരന്‍റെ മൊഴി പോലും രേഖപ്പെടുത്താതെ. ഒഎംആർ ഷീറ്റ് കണ്ടെത്താനാകില്ലെന്നാണ് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിശദീകരണം. ഇത് അടിസ്ഥാനമാക്കിയാണ് കേസ് തള്ളിക്കളഞ്ഞത്.

വിവാദ അസിസ്റ്റൻറ് നിയമനക്കേസില്‍ മുന്‍ വിസി, മുന്‍ രജിസ്ട്രാര്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു പ്രതികള്‍. അസിസ്റ്റന്‍റ് നിയമനത്തില്‍ തട്ടിപ്പെന്നായിരുന്നു ആദ്യ കുറ്റപത്രം.

ആദ്യ കുറ്റപത്രം തെറ്റെന്ന് കണ്ടെത്തിയതായും പ്രതികൾക്കെതിരെ തെളിവില്ലെന്നുമാണ് ക്രൈം ബ്രാഞ്ചാണ് കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ പറയുന്നത്. കോടതി നിർദ്ദേശിച്ച തുടരന്വേഷണത്തിന് ശേഷമാണ് കേസ് എഴുതിത്തള്ളിയത്. കൊവിഡ് കാലത്ത് അതീവ രഹസ്യമായാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസ് എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിക്ക് സമാനമായി കേരളത്തിൽ നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് നിയമനതട്ടിപ്പ് സിബിഐയെ ഏൽപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.

2008 ലാണ് വിവാദ അസിസ്റ്റന്‍റ് നിയമനം കേരള സർവകലാശാലയിൽ നടന്നത്. ഉത്തരക്കടലാസുകളും മാർക്കുകൾ രേഖപ്പെടുത്തിയ കമ്പ്യൂട്ടറും നശിപ്പിച്ച് സിപിഎമ്മിന് വേണ്ടപ്പട്ടവർക്ക് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് കേരള മുൻ വൈസ് ചാൻസലർ ഡോ:എം.കെ രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയപ്രകാശ്, രജിസ്ട്രാർ കെ.എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളുമായ അഡ്വ. A.A. റഷീദ്, എം.പി. റസ്സൽ, കെ.എ.ആൻഡ്രൂ, പരേതനായ ബി. എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കുറ്റപത്രം തയ്യാറാക്കി വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത് . ഈ നടപടി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

നിലവിലെ പ്രതികളോടൊപ്പം ജോലി ലഭിച്ച എല്ലാവരെയും പ്രതികളാക്കണമെന്നും OMR നഷ്ടപ്പെട്ടതിനു ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കമാൽ പാഷ 2016 സെപ്റ്റംബറിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്സിറ്റി നിയമനങ്ങൾ PSC യ്ക്ക് വിടണമെന്നും ലോകായുക്ത വിധിക്കുകയും ചെയ്തിരുന്നു. 18 മാസത്തെ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളാൻ തീരുമാനം എടുത്തിരിക്കുന്നത്.
നിയമനം നേടിയവരുടെ ശമ്പള കുടിശിക, പ്രമോഷനുകൾ എന്നിവ കോടതി വിലക്കിയിട്ടുണ്ട്. അവ അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല തന്നെ തിരക്കിട്ട് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്. LDF സർക്കാരിന്‍റെ കാലാവധിക്കുള്ളിൽ തന്നെ പ്രോസിക്യൂഷൻ നടപടികളും, അസിസ്റ്റന്‍റ് നിയമന തട്ടിപ്പും ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്നാണ് ആരോപണം മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിക്ക് സമാനമായി കേരളത്തിൽ നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് നിയമനതട്ടിപ്പ് CBI യെ ഏൽപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാർ വ്യക്തമാക്കി.