ക്വാറന്‍റൈന്‍ സൗജന്യമല്ല : വിമര്‍ശനം രൂക്ഷം; പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ആറു മാസത്തെ ശമ്പളം ക്വാറന്‍റൈന്‍ ചെലവായി ഈടാക്കൂ ! ബുദ്ധിമുട്ടിക്കരുതെന്ന് പ്രവാസികള്‍

Elvis Chummar
Tuesday, May 26, 2020

 

ദുബായ് : ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് 2016 ല്‍ പ്രഖ്യാപിച്ച ആറു മാസത്തെ ശമ്പളത്തില്‍ നിന്ന് ക്വാറന്‍റൈന്‍ ചെലവിന്റെ പണം ഈടാക്കൂ ! ക്രെഡിറ്റും പുഞ്ചിരിയും സര്‍ക്കാര്‍ എടുത്തോളൂ.. ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്.

ജോലിയും കൂലിയും ആരോഗ്യം വരെ നഷ്ടപ്പെട്ട് ഈ കൊവിഡ് ദുരിതക്കാലത്ത്, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ഇനി ക്വാറന്‍റൈനിന്‍റെ ചെലവ്  കൂടി വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ, ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതുസംബന്ധിച്ച്, സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന് മാത്രമാണിത്. ഗള്‍ഫിലെ മലയാളി മരണം 125 എന്ന സംഖ്യയിലേക്ക് എത്തുമ്പോഴാണ്, ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇല്ലാത്തവിധം, പ്രവാസികളോടുള്ള ഈ ക്രൂര നടപടിയെന്ന് പരാതിയുണ്ട്.

ലോക കേരള സഭയുടെ ഫണ്ട് ക്വാറന്‍റൈന് മാറ്റൂ

പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, ലോക കേരള സഭയ്ക്കായി നീക്കിവെച്ച, കോടിക്കണക്കിന് രൂപയില്‍ നിന്നും ക്വാറന്റൈന്‍ ആവശ്യത്തിനുള്ള ചെലവ് വഹിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. നേരത്തെ, സഭയുടെ പേരില്‍ നടന്ന ഭക്ഷണ-താമസ ചെലവ് സംബന്ധിച്ച ധൂര്‍ത്ത് വലിയ വിവാദമായിരുന്നു. ഈ ധൂര്‍ത്തിന്റെ ചെറിയ സംഖ്യ മാത്രം പോരെ, ഇപ്രകാരം കൊവിഡ് ദുരിതക്കാലത്ത് മടങ്ങുന്നവരുടെ ക്വാറന്റൈന്‍ ചെലവിന് എന്നും ആക്ഷേപം ശക്തമായി.

തൊഴില്‍ നഷ്ടപ്പെട്ടവരുടെ ശമ്പളം എവിടെ ?

കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ആദ്യമായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം ദുബായിലേക്കായിരുന്നു. 2016 ഡിസംബര്‍ മാസത്തില്‍ ദുബായില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളും ഈ ഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. അന്ന് പ്രസംഗത്തില്‍ പറഞ്ഞതുപോലെ , തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന  പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ആറു മാസത്തെ ശമ്പളം എവിടെ. തൊഴില്‍ നഷ്ട സുരക്ഷയായി ഇത് നല്‍കുമോ ?
പ്രായമായ / ശാരീരിക അവശതകള്‍ ഉള്ള പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കിയോ.  ഈ പ്രഖ്യാപനത്തിലെ ഒന്നു പോലും നടപ്പാക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്. അതിനാല്‍, തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികള്‍ക്ക് നല്‍കുമെന്ന് നാലു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച, സംഖ്യയില്‍ നിന്ന് ക്വാറന്റൈന്‍ ചെലവിന്റെ പണം വഹിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രവാസികളോടുള്ള ഇടതു സര്‍ക്കാറിന്റെ നിലപാട് : ഇന്‍കാസ്

വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റീന്‍ സൗജന്യമല്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു.  ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പ്രവാസികളോട് ഇടതു സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിരിക്കുന്നു. ഗള്‍ഫ് മണ്ണില്‍ മാത്രം 135 മലയാളികള്‍ മരിച്ചുവീണിട്ടും കണ്ണുതുറക്കാത്ത സര്‍ക്കാറിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇന്‍കാസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന മുഖ്യമന്ത്രി നിലപാട് ധിക്കാരമാണ്. നാലു വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ കോവിഡുമായി ബുദ്ധിമുട്ടുന്ന പ്രവാസികളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. സ്വന്തം രാജ്യത്ത് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ താല്‍പര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനായി മാറിയിരിക്കുകയാണെന്നും ഇന്‍കാസ് ആരോപിച്ചു.