മരട് ഫ്ലാറ്റ് : സർവ്വകക്ഷി യോഗം ഇന്ന്; അടിയന്തിരമായി ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രിക്ക് കത്തു നൽകി

Jaihind News Bureau
Tuesday, September 17, 2019

മരട് ഫ്ലാറ്റ് പ്രശ്‌നത്തിൽ ഇന്ന് സർവ്വകക്ഷി യോഗം. വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പുനരധിവാസത്തിനായി അപേക്ഷ നൽകാനുള്ള സമയ പരിധി ഇന്നവസാനിക്കും.

അതേസമയം, മരടിലെ ഫ്ലാറ്റ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി. പതിനേഴ് എം.പിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്ര പരിസ്ഥിമന്ത്രി പ്രകാശ് ജാവേദ്ക്കർ, കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എം.പി എ.എം.ആരിഫും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാൽ രാഹുൽ ഗാന്ധിയും, ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ള എൻ.കെ.പ്രേമചന്ദ്രനും, ടി. എൻ പ്രതാപനും കത്തിൽ ഒപ്പ് വച്ചിട്ടില്ല. ഹൈബി ഈഡൻ എം.പി മുൻകയ്യെടുത്താണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്