
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ തുറന്നതോടെ, മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്, പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ആദ്യ ഫലസൂചനകള്‍ ഏകദേശം 8:30 ഓടെ ലഭ്യമായിത്തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചതനുസരിച്ച്, വോട്ടെണ്ണല്‍ തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ പ്രാഥമിക ഫലസൂചനകള്‍ ലഭിച്ചുതുടങ്ങും. വോട്ടെണ്ണലിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ് റൂമുകളില്‍ നിന്ന് ടേബിളുകളില്‍ എത്തിക്കുക.
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്നോടിയായി തിരുവനന്തപുരം യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍ പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങയുടച്ച് ക്ഷേത്രദര്‍ശനം നടത്തി. യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കണക്കുകളിലേക്കും അവകാശവാദങ്ങളിലേക്കും പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിലെ 70.91 ശതമാനത്തെ മറികടന്ന് രണ്ടാം ഘട്ടത്തില്‍ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2025-ലെ ഈ തെരഞ്ഞെടുപ്പില്‍ ആകെ 2,10,79,609 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്, ഇത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടര്‍മാര്‍ വോട്ട് ചെയ്ത വര്‍ഷമാണ്.
വിജയാഹ്ലാദ പ്രകടനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ നിയമങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ ‘ട്രെന്‍ഡ്’ വഴി തത്സമയം അറിയാവുന്നതാണ്.