കര്‍ണാടക അതിര്‍ത്തി പ്രശ്നം; പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കി

Jaihind News Bureau
Sunday, March 29, 2020

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കര്‍ണ്ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപരോധം മൂലം അതിര്‍ത്തി ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യാനോ അവശ്യ സാധനങ്ങളും മരുന്നുകളുമൊക്കെ വാങ്ങിക്കാനോ കഴിയാത്ത സ്ഥിതിയാണ്.

കാസര്‍കോട് അടക്കമുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അടക്കം കര്‍ണ്ണാടകയെ ആണ് കൂടുതലായി ആശ്രയിക്കുന്നത്. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്നും രോഗികളെയും വഹിച്ച് കൊണ്ടു മംഗലാപുരത്തേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്ക് വരെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുയാണ്. ഇത് മൂലം ഒരാള്‍ മരിക്കുക പോലുമുണ്ടായി.

മാത്രമല്ല മരുന്നുകളും പച്ചക്കറികളുമായി 200 ഓളം ട്രക്കുകള്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ കിടക്കുകയാണ് എന്ന വാര്‍ത്തയും ഉണ്ട്. അത് കൊണ്ട് തന്നെ പ്രധാനമന്ത്രി ഇടപെട്ട് കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി എത്രയും പെട്ടെന്ന് ഉപരോധം നീക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ത്ഥിച്ചു.