അതിര്‍ത്തി പ്രശ്നം; കര്‍ണാടകത്തിനെതിരെ സുപ്രീംകോടതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഹര്‍ജി

Jaihind News Bureau
Monday, March 30, 2020

ന്യൂഡല്‍ഹി:  കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക അടച്ച പശ്ചാത്തലത്തില്‍ കര്‍ണാടകത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിര്‍ത്തികള്‍ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും തടയുന്നുവെന്നും ഉണ്ണിത്താന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികില്‍സകിട്ടാതെ എഴുപതുകാരി പാത്തുഞ്ഞി കഴിഞ്ഞദിവസം മരിച്ചിരുന്നു. ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനാവാത്തതോടെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദും ചികിത്സ കിട്ടാതെ മരിച്ചു.

കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിനി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ച സംഭവവുമുണ്ടായി. കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയായിരുന്നു പ്രസവം.