‘മോഡി-ഫൈഡ്’ ആകാത്തതാണ് കേരളത്തിന്‍റെ സൗന്ദര്യം : ജോണ്‍ എബ്രഹാം

Jaihind News Bureau
Friday, September 27, 2019

മതേതരത്വവും സഹവര്‍ത്തിത്വവും ആണ് കേരളത്തിന്‍റെ സൗന്ദര്യമെന്നും അത് തന്നെയാണ് കേരളം ‘മോഡി ഫൈഡ്’ ആകാത്തതിന് കാരണമെന്നും ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മുരളി കെ മേനോന്‍റെ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്‍റെ പ്രകാശനച്ചടങ്ങിനിടെ മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിന് പാതി മലയാളി കൂടിയായ ജോണ്‍ എബ്രഹാം പറഞ്ഞ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

‘കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്’? ഇതായിരുന്നു നമ്രതയുടെ ചോദ്യം.

ചോദ്യത്തിന് സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള ജോണ്‍ എബ്രഹാമിന്‍റെ മറുപടി ഉടന്‍ എത്തി : ‘അതാണ് കേരളത്തിന്‍റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.’