കമോണ്‍ ബോയ്‌സ് … കേരളം രഞ്ജി ക്രിക്കറ്റ് ഫൈനലിലേയ്ക്ക്…

Jaihind News Bureau
Friday, February 21, 2025

അടിപൊളി ക്‌ളൈമാക്‌സില്‍ കേരളം ചരിത്ര നേട്ടത്തിനരികെ. രഞ്ജി ട്രോഫി ഫൈനല്‍ നേട്ടത്തിന്റെ പടിവാതില്‍ക്കലാണ് കേരളം. രഞ്ജി സെമിയില്‍ ഗുജറാത്തിനെതിരേ നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളത്തിന്റെ കുട്ടികള്‍ ചരിത്ര നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.

ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തിലാണ് കേരളം വിലപ്പെട്ട രണ്ടു റണ്‍സിന്റെ നിര്‍ണായക ലീഡ് കേരളം പിടിച്ചത്. സാധ്യതകള്‍ ഇല്ലെന്നു കരുതി നിരാശപ്പെട്ടിരുന്നിടത്തു നിന്നാണ് പൊരുതിക്കയറി കേരളം ലീഡ് പിടിച്ചെടുത്തത്. മത്സരത്തിന്റെ ്അവസാന ദിനമായ ഇന്ന് ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 457ന് രണ്ടു റണ്‍സ് അകലെ ഗുജറാത്തിന്റെ എല്ലാവരും പുറത്തായി.

ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിന 436-ലാണ് ആദ്യ തിരിച്ചടിയേറ്റത്. നാലാം ദിവ്‌സത്തെ ഹീറോയായിരുന്ന ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ കേരളം ലീഡ് മോഹങ്ങള്‍ സജീവമാക്കി. എന്നാല്‍ പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. എട്ടു ഓവറുകളാണ് ഇവര്‍ പിടിച്ചുനിന്നന്നത്. സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍ ഇവര്‍ നേടിയത് വിലപ്പെട്ട ഏഴു റണ്‍സ്. അവസാനം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെയെയും കേരളം പിടിച്ചു പുറത്താക്കി.

സമ്മര്‍ദ്ദത്തിനിടെ നിര്‍ണ്ണായകമായ രണ്ടു ക്യാച്ചുകള്‍ കേരളം വിട്ടുകളഞ്ഞതാണ് കേരളത്തിന്റെ നേട്ടം വൈകിച്ചത്. എന്നാല്‍ ക്യാച്ചിന്റെ രൂപത്തില്‍ തന്നയാണ് കേരളത്തിന് ഭാഗ്യമെത്തിയതും. സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന അര്‍സാനയുടെ ഷോട്ട് സച്ചിന്‍ ബേബി പിടിച്ചെടുക്കുകയായിരുന്നു. മ്റ്റ് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകും. ഒന്നാം ഇന്നിംഗ്്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ പ്രവേശനവും നേടും. ഫൈനലില്‍ എതിരാളികള്‍ വിര്‍ഭയാകാനാണ് സാധ്യത