മഴയ്ക്ക് താത്ക്കാലിക ശമനം; പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി മുന്നറിയിപ്പ്

Jaihind Webdesk
Friday, November 24, 2023


കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് താല്‍ക്കാലിക ശമനമാകുമെങ്കിലും ഭീഷണി ഉയര്‍ത്തി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി അറിയിപ്പ്. ബംഗാള്‍ ഉള്‍കടലിലാണ് ന്യുന മര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നത്. നവംബര്‍ 25 -ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബര്‍ 26 -ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 27 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരുന്നു അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലായിരുന്നു ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ടായിരുന്നത്. നവംബര്‍ 24-ന്, എറണാകുളത്തും കോഴിക്കോടും മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 25ന് കോഴിക്കോടും വയനാടും യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിലും അച്ചന്‍കോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്പമണ്‍ സ്റ്റേഷനിലും ഇന്ന് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചുണ്ട്. അതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. മാലദ്വീപ് മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി നിലവില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.