പിആർ ശ്രീജേഷിന് 2 കോടി : വിദ്യാഭ്യാസ വകുപ്പിൽ ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകും

Jaihind Webdesk
Wednesday, August 11, 2021


തിരുവനന്തപുരം : ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ‍ഡപ്യൂട്ടി ‍ഡയറക്ടറാണു ശ്രീജേഷ്.

വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു കായിക താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം കൈമാറുമെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ 5–ാം തീയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ ലഭിച്ചത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സർക്കാർ 6 കോടിയാണ് നൽകിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്കെല്ലാം ഒരു കോടിയാണ് സർക്കാർ നൽകിയത്.

.മധ്യപ്രദേശ് സർക്കാർ വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങൾക്ക് 31 ലക്ഷം രൂപ വീതവുമാണ് നൽകിയത് ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ജർമനിയെയാണ് ഇന്ത്യ തോൽപിച്ചത്. നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നത്. 49 വർഷത്തിനുശേഷമാണ് മലയാളിക്കു ഒളിംപിക് മെഡൽ ലഭിച്ചതെന്നതും പ്രത്യേകതയാണ്.