ശബരിമല സംഘർഷഭൂമി : മുഖ്യമന്ത്രി വിദേശത്ത്, ആഭ്യന്തരവകുപ്പിന് നാഥനില്ല

B.S. Shiju
Wednesday, October 17, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമല സംഘർഷഭൂമിയാകുന്നതിനിടെ ഫണ്ട് പിരിവിനായ് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലേക്ക് പോയതോടെ സംസ്ഥാന ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി. നിലവിൽ മന്ത്രിസഭയിലെ ആർക്കും ചുമതല കൈമാറാതെയാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കുന്നതേടെ വിഷയം കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസിന് വേണ്ട നിർദ്ദേശങ്ങൾ ആര് നൽകുമെന്ന ആശയക്കുഴപ്പമാണ് ഉടലെടുത്തിട്ടുള്ളത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒന്നലധികം സ്ത്രീകൾ സന്നിധാനത്തേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ സമരക്കാർ ഇവരെ തടസപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ഉണ്ടായത്. ആദ്യം ഇവർക്ക് സംരക്ഷണമൊരുക്കിയ പൊലീസ് പിന്നീട് പിന്മാറുകയായിരുന്നു. ഇത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

ഇന്നലെ മുതൽ സ്ത്രീകൾ ശബരിമലയിൽ എത്തുന്നുണ്ടോ എന്നറിയാൻ നിലയ്ക്കലിൽ സമരക്കാരുണ്ട്. ഇവർ ഇന്നും വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയടക്കം കയ്യേറ്റത്തിന് മുതിർന്നിട്ടും പൊലീസ് കാഴ്ച്ചക്കാരായി മനാക്കി നിന്നു. എന്നാൽ സമാധാനപരമായി സമരം നയിച്ച മുൻ ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെയടക്കം പൊലീസ് അറസ്റ്റു ചെയ്തു. തന്നെ അറസ്റ്റ് ചെയ്തത് അകാരണമായാണെന്ന് പ്രയാറും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധവും കയ്യേറ്റവും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്ന പൊലീസ് ചിലരെ തെരെഞ്ഞുപിടിച്ച് ശിക്ഷിക്കുകയാണെന്ന ആരോപണവും ഉയരുന്നു.

ശബരിമല ജോലിക്കെത്തിയ പൊലീസുകാരിൽ തന്നെ വലിയൊരു വിഭാഗത്തിന് സ്ത്രീപ്രവേശനത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയുന്ന നടപടി കർശനമായി നേരിടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇടയ്ക്കിടെ ചാനൽ മൈക്കുകൾക്ക് മുമ്പിൽ പറയുന്നുണ്ടെങ്കിൽ ഇതുവരെ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയമായി. ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള വൻപൊലീസ് സന്നാഹം നിലവിലുണ്ടെങ്കിലും പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ പൊലീസിന്റേയും പൂർണ്ണ പരാജയമാണ് പത്തനംതിട്ടയിലും നിലയ്ക്കലിലും നടക്കുന്ന സമരപരിപാടികളിൽ നിന്നും വ്യക്തമാക്കുന്നത്. ശബരിമല ജോലിക്കെത്തിയ പൊലീസുകാർ വിശ്വാസികൾക്കും സമരക്കാർക്കും ഇടയിൽപ്പെട്ട ദുരന്തപൂർണ്ണമായ അവസ്ഥയിലാണുള്ളത്.

വിഷയത്തിൽ ദേവസ്വം ബോർഡിലും ഭിന്നത നിലനിൽക്കുന്നു. ബോർഡ് അംഗമായ കെ. രാഘവൻ വിധിയിൽ പുനഃപരിശോധന ഹർജി നൽകില്ലെന്ന കടുത്ത നിലപാട് പിന്തുടരുമ്പോൾ പ്രസിഡന്‍റ് പത്മകുമാർ ഹർജി നൽകുന്നത് ആലോചിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഹർജി നൽകുന്നത് സംബന്ധിച്ചുള്ള ആലോചനകൾക്കായി 19ന് ദേവസ്വം ബോർഡിൽ അഭിഭാഷകരുടേതടക്കമുള്ള ഉദ്യോഗസ്ഥരുടെ സമ്പൂർണ്ണ യോഗം ചേരുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശേഷം മുഖ്യമന്ത്രി ദുബായ്ക്ക് പറന്നതോടെ പ്രശ്‌നത്തിൽ ഏതു നിലപാട് നടപ്പാക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പും ദേവസ്വം ബോർഡുമുള്ളത്. മുമ്പ് ചികിത്സാർത്ഥം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയപ്പോഴും തന്റെ ചുമതല ആർക്കും കൈമാറിയിരുന്നില്ല. അതേ സമീപനം തന്നെയാണ് യു.എ.ഇ സന്ദർശനവേളയിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്.