‘വർ‍ഗീയതയെ നേരിടുന്നതില്‍ പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ടമുഖം’: ജിഗ്നേഷ് മേവാനി

Jaihind Webdesk
Saturday, May 28, 2022

 

കൊച്ചി: ഫാസിസത്തേയും വർഗീയതയെയും നേരിടുന്നതില്‍ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനും പകര്‍ത്താനുമുള്ള പിണറായി വിജയന്‍റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് എന്നിവരുമൊന്നിച്ച് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ അവിടെ പോയത്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരള മോഡല്‍ മികച്ചതാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ്. ഗുജറാത്ത് മോഡലിനെ കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നുമറിയില്ല. എന്നാല്‍ ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ഗുജറാത്ത് മോഡല്‍ എന്നത് ദയനീയമാണ്. അമ്പത് ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ക്ക് വിളര്‍ച്ചയും നാല്‍പ്പത് ശതമാനത്തിന് മുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാര കുറവുണ്ട്. യാത്ഥാര്‍ത്യവുമായി ഒത്തുപോകുന്നതല്ല ഗുജറാത്ത് മോഡല്‍. കെട്ടിച്ചമച്ച പുകമറ മാത്രമാണത് – ജിഗ്നേഷ്മേവാനി പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഫാസിസത്തിന്‍റെ ഇരകളാണ്. ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം പീഡിപ്പിക്കപ്പെടുന്നു. കൊളോണിയല്‍ ഭരണാധികാരികള്‍ പിന്തുടരുന്ന ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന മാതൃകയാണ് ഗുജറാത്ത് മോഡല്‍ വികസനം. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അവര്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ വക്താക്കളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും മിനിമം വേതനം ഉറപ്പാക്കുന്നില്ല. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പരാജയമായിരുന്നു. തെരുവുകളില്‍ ജനം മരിച്ചു വീഴുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് അവിടത്തേത്.

ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ഘടകവുമായി കൈകോര്‍ക്കുന്നു. കോണ്‍ഗ്രസില്ലാത്ത ഭാരതമെന്നത് ഇന്ത്യയെന്ന ആശയത്തിന്‍റെ തന്നെ അന്ത്യമായിരിക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം പശ്ചിമ ബംഗാള്‍ ഘടകവും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള ഘടകത്തിന്‍റെ സമ്മര്‍ദ്ദം മൂലമാണ് അവര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്. ഗുജറാത്തില്‍ മോദി വിജയകരമായി നടപ്പാക്കിയ സോഷ്യല്‍ എന്‍ജിനീയറിംഗ് കേരളത്തിലും ആവര്‍ത്തിച്ച് ബിജെപിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തില്‍ അങ്ങേയറ്റം ആശങ്കാകുലനാണ്. സംഘപരിവാര്‍ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ഗുജറാത്തില്‍ ബിജെപി ഫാസിസം അഴിച്ചുവിടുകയാണ്. അതിന്‍റെ ഇരയാണ് താന്‍. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടും നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. ഗുജറാത്തില്‍ സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തി ട്വീറ്റ് ചെയ്തതിനാണ് തന്നെ അസം പോലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ കുടുംബാംഗങ്ങളുമായോ അഭിഭാഷകനുമായോ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. കൂടാതെ വനിതാ പോലീസ് ഉദ്യോഗസ്ഥതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മറ്റൊരു വ്യാജകേസും തന്‍റെ പേരിലെടുത്തു. ആ കേസ് പോലും ഗുജറാത്ത്, അസം പോലീസുകള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇതാണ് യഥാര്‍ത്ഥ ഗുജറാത്ത് മോഡലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ദളിത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റുന്നു. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഇത്തരം അഴിമതികളില്‍ നേരിട്ട് പങ്കാളികളാണെന്നത് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണ്.

പട്ടികജാതി സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വാളയാര്‍ ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ മാതാപിതാക്കള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. നീതി തേടി ഇരയുടെ മാതാപിതാക്കള്‍ക്ക് കേരള സെക്രട്ടേറിയറ്റിന് പുറത്ത് സത്യാഗ്രഹം നടത്തേണ്ട സാഹചര്യമുണ്ടായി. വാളയാര്‍ ബലാത്സംഗക്കേസിലെ ഇരകളുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

വികസനത്തിന്‍റെ മറപിടിച്ച് എല്‍ഡിഎഫ് സര്‍ക്കാരും ബിജെപി കേന്ദ്ര സര്‍ക്കാരും കച്ചവടം നടത്തുകയാണ്. വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്തവരാണ് സിപിഎം. നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, ഗെയില്‍ പദ്ധതി ഉള്‍പ്പെടെ കേരളത്തില്‍ നടപ്പാക്കിയ വികസനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാരിന്‍റേതാണ്. ഗെയില്‍ പദ്ധതിയെ ഭൂമിക്കടിയിലെ ബോംബ് എന്ന് വിശേഷിപ്പിച്ചു. 10,000 കുടുംബങ്ങള്‍ക്ക് താസം നഷ്ടമാകുന്നതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നതുമായ കെ റെയില്‍ പദ്ധതി വീണ്ടുവിചാരമില്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

അന്തരിച്ച പി.ടി തോമസ് തന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് മാതൃകയായിരുന്നു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ വേണ്ടി അദ്ദേഹം പോരാടി. ഒരു യഥാര്‍ത്ഥ മതേതരവാദിയും പരിസ്ഥിതിവാദിയും ആദര്‍ശവാദിയുമായിരുന്നു അദ്ദേഹം. തൃക്കാക്കരയില്‍ ഉമാ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.