തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സംസ്ഥാനത്ത് പ്രളയപുനർ നിർമ്മാണത്തിന് പോലും സർക്കാർ പണമില്ലാതെ വലയുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പല പദ്ധതികൾക്കും എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യമാണ് സജീവമാകുന്നത്. ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന സംസ്ഥാനത്താണ് പ്രളയദുരന്തമുണ്ടായത്. ഇതിനു ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫണ്ടിന്റെ അപര്യാപ്തത മൂലം മന്ദീഭവിച്ചിരുന്നു. ഇതിനിടെയാണ് സമാന്തര റെയിൽപ്പാതയടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി ഐസക്ക് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാതെ മുന്നോട്ടു പോയ സർക്കാരാണ് നിലവിൽ നടപ്പാക്കാൻ വിദൂര സാധ്യത പോലുമില്ലാത്ത പദ്ധതികൾ പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. 2017- 18ലെ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കലും എങ്ങുമെത്തിയിരുന്നില്ല. പണമില്ലാത്തതിനാൽ പല ബില്ലുകളും മാറാൻ കഴിഞ്ഞിരുന്നുമില്ല. നിലവിൽ 50 ലക്ഷം രൂപയുടെ ബില്ലുകൾക്കും സർക്കാർ നിയന്ത്രഭണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തവണത്തെ ബജറ്റിലും സർക്കാരിന്റെ ചെലവുചുരുക്കാനാവില്ലെന്ന വാദമാണ് ധനമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ പ്രളയം സമ്മാനിച്ച ദുരിതങ്ങൾ വിട്ടൊഴിയാത്ത സാഹചര്യത്തിലും സെർക്കാരിന്റെ ധൂർത്ത് നിർബാധം തുടരാൻ തന്നെയാണ് തീരുമാനമെന്നതും ഏറെ വേദനാജനകമാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള പല വമ്പൻ പദ്ധതികളും മുട്ടിലിഴയുമ്പോഴാണ് വീണ്ടും സംസ്ഥാനത്ത് സമാന്തര റെയിൽപ്പാതയെന്ന നടക്കാതത്ത സ്വപനവുമായി ഐസക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളത്. ആലപ്പുഴ – എറണാകുളം റെയിൽപ്പാത ഇരട്ടിപ്പിക്കാനുള്ള നീക്കം തന്നെ അവതാളത്തിലായ സാഹചര്യത്തിൽ ഇനി പുതിയൊരു പദ്ധതി പ്രഖ്യാപിക്കും മുമ്പ് പഠനം നടത്തണമെന്ന പ്രാഥമിക ചുവട് പോലും സർക്കാർ പാലിച്ചില്ല. വഴിഞ്ഞം പദ്ധതി, തിരുവനന്തപുരം- കോഴിക്കോട് മോണോ റെയിൽ, കരമന- കളിയിക്കാവിള പാത എന്നീ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാ ഇനിയുമായിട്ടില്ല. പ്രഖ്യാപിച്ച പല പദ്ധതികളും കിഫ്ബി വഴി നടപ്പാക്കാനുള്ള നീക്കവും ഫണ്ടിന്റെ അപര്യാപ്തത മൂലം നടപ്പാക്കായേക്കില്ല എന്നതാണ് യാഥർത്ഥ്യം.