കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന ബജറ്റ് പ്രഖ്യാപനം ഇന്ന്

Jaihind News Bureau
Friday, February 7, 2020

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന ബജറ്റ് പ്രഖ്യാപനം ഇന്ന്. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായത് സർക്കാരിന് തിരിച്ചടിയാകും.  പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.

കേരളത്തിന്‍റെ പൊതു കടം വർദ്ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക മേഖലയും തകർച്ചയിലാണ്. സംസ്ഥാനത്തെ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തത് ധനസ്ഥിതിയെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ബജറ്റ് പ്രഖ്യാപനം എന്നതും ധനമന്ത്രി നേരിടുന്ന വെല്ലുവിളിയാണ്.

സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്‍റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 2018-19ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം. അതേസമയം, സംസ്ഥാനത്തിന്‍റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയിൽ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9,264.66 കോടി രൂപ വരുമാനം ലഭിച്ചു.

ഒന്നും രണ്ടും പ്രളയകാലങ്ങൾക്ക് ശേഷവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.