ന്യൂസിലാന്റിൽ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസിക്ക് നാടിന്റെ അന്ത്യാഞ്ജലി. പുലർച്ചയോടെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം മേത്തല കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം കൊടുങ്ങലൂർ ചേരമാൻ ജുമാ മസ്ജിൽ ഖബറടക്കി. നൂറുകണക്കിനാളുകളാണ് മൃതദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചത്
ഈ മാസം 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിലാണ് കെടുങ്ങല്ലൂർ സ്വദേശി ആൻസി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ച 3.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ആൻസിയുടെ മൃതദേഹം എറണാകുളം മണ്ഡലം സ്ഥാനാർത്ഥിയും എംഎൽഎയുമായ ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി ജോൺ, വികെ ഇബ്രാഹിം കുഞ്ഞ്, ഇരിങ്ങാലക്കുട ആർഡിഒ, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് കൊടുങ്ങല്ലൂർ തിരുവള്ളൂരിലെ ഭർത്താവിന്റെ വീട്ടിലും പിന്നീട് ടി കെ എസ് പുരത്തെ സ്വന്തം വീട്ടിലും എത്തിച്ച അൻസിയുടെ ഭൗതിക ശരീരം ഒമ്പത് മണിയോടെ മേത്തല കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു.
മന്ത്രി സി രവീന്ദ്രനാഥ്, യുഡിഎഫ് കൺവീനറും ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥിയുമായ ബെന്നി ബഹനാൻ, ഇന്നസെന്റ് എംപി, വി.ആർ സുനിൽ കുമാർ എംഎൽഎ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ചേരമാൻ ജുമാ മസ്ജിദിൽ ഭൗതിക ശരീരം ഖബറടക്കി. സഹപാഠികളും അദ്ധ്യാപകരുമടക്കം വൻ ജനാവലിയാണ് അൻസിയെ ഒരു നോക്ക് കാണാൻ മേത്തല കമ്മ്യൂണിറ്റി ഹാളിലേക്ക് എത്തിയത്.