പാലയുടെ മാണിക്യത്തിനെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണ് പാലായിലെ കരിങ്ങോഴക്കൽ വീട്ടിലേയ്ക്ക് എത്തുന്നത്.
ഇന്ന് രാവിലെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ ഭൗതിക ശരീരം വിലാപയാത്രയായി കോട്ടയത്തേയ്ക്ക് നീങ്ങുമ്പോള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളാണ്. അനിയന്ത്രിതമായ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. പതിനായിരങ്ങൾ അണിചേർന്ന വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് വീട്ടിലെത്തിയത്.
വികാരതീഷ്ണമായ അന്തരീക്ഷത്തിൽ കെ.എം മാണിയുടെ ഭൗതിക ശരീരം പ്രവർത്തകർ ഏറ്റുവാങ്ങി വീട്ടില്‍ പൊതുദര്‍ശനത്തിനായി ഒരുക്കിയ ഹാളില്‍ എത്തിച്ചു. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി.
ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.
രാത്രി ഏറെ വൈകിയാണ് കെ.എം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയിൽപെട്ട ആയിരങ്ങളാണ് കെഎംമാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി. രാവിലെ പത്തു മണിയോടെ എറണാകുളത്തെ ലേക് ഷോർ ആശുപത്രിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂർ വൈകിയാണ് കോട്ടയത്ത് എത്തിയത്. അർദ്ധരാത്രിയിലും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകൾ. ഒരുമണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹം കേരള കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചു.അവിടെ നിന്ന് മണർകാട്, അയർകുന്നം, കിടങ്ങൂർ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് കെ.എം മാണിയുടെ അന്ത്യയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് പത്തിനാണ് വിലാപയാത്ര കരിങ്ങോഴക്കൽ വീട്ടിൽ എത്തിയത്.