ബംഗളുരു / ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ തങ്ങളുടെ ഐ.ഡി കാർഡ് ഉയർത്തിക്കാട്ടുന്ന മുസ്ലിം സ്ത്രീകളുടെ വീഡിയോ ട്വീറ്റ് ചെയ്ത് ഭീഷണിയുമായി ബി.ജെ.പി. വോട്ട് ചെയ്യാന്‍ കാത്തുനില്ക്കുന്ന സ്ത്രീകളെ അപമാനിച്ചുകൊണ്ട് കർണാടക ബി.ജെ.പിയാണ് തങ്ങളുടെ ഔദ്യോഗിക ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ ഭീഷണി സന്ദേശം ട്വീറ്റ് ചെയ്തത്.
‘രേഖകള്‍ ഞങ്ങള്‍ കാണിക്കില്ല !!! നിങ്ങളുടെ എല്ലാ രേഖകളും സൂക്ഷിച്ചുവെച്ചോളൂ… ദേശീയ ജനസംഖ്യാ രജിസ്റ്റർ (എന്‍.പി.ആര്) വരുമ്പോള്‍ ഇതൊക്കെ വീണ്ടും കാണിക്കേണ്ടി വരും’ – കർണാടക ബി.ജെ.പി ട്വിറ്ററില്‍ കുറിച്ചു.
പോളിംഗ് ബൂത്തിന് പുറത്ത് വോട്ട് ചെയ്യാനായി നില്ക്കവേ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന മുസ്ലീം വനിതകളുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ഭീഷണിയും പരിഹാസവും കലർന്ന സന്ദേശം. പൗരത്വം തെളിയിക്കാനായി ഒരു രേഖയും കാണിക്കാന്‍ തങ്ങള്‍ തയാറല്ല എന്ന പ്രതിഷേധക്കാരുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്. രേഖകള്‍ കാണിക്കില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രേഖ കാണിക്കുകയാണെന്നും, പൗരത്വം തെളിയിക്കാന്‍ അവര്‍ക്ക് വീണ്ടും രേഖകള്‍ കാണിക്കേണ്ടി വരുമെന്ന ഭീഷണിയും ട്വിറ്റർ സന്ദേശത്തിലുണ്ട്. ബി.ജെ.പിയുടെ ഭീഷണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമർശനം ഉയരുന്നുണ്ട്.
"Kaagaz Nahi Dikayenge Hum" ! ! !
Keep the documents safe, you will need to show them again during #NPR exercise.#DelhiPolls2020 pic.twitter.com/bEojjeKlwI
— BJP Karnataka (@BJP4Karnataka) February 8, 2020