മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണ്ണാടക പി.സി.സികള്‍ മലയാളികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും: കെ.സി.വേണുഗോപാല്‍

Jaihind News Bureau
Sunday, May 10, 2020

ഡല്‍ഹി,മഹാരാഷ്ട്ര, കര്‍ണാടക എന്നിവടങ്ങളില്‍ ലോക് ഡൗണില്‍ കുടുങ്ങിയ മലയാളികള്‍ക്ക് യാത്രാസൗകര്യമേര്‍പ്പെടുത്താന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് സംഘടനകാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കാകും പ്രഥമ പരിഗണന നല്‍കുക.

ഇതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ നടപടിയെടുത്താല്‍ യാത്രാ ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇരു സംസ്ഥാനങ്ങളിലേയും പി സി സി അധ്യക്ഷന്മാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്കു ബസ് സൗകര്യം ഏര്‍പ്പെടുത്താമെന്ന് അവിടുത്തെ പി.സി .സിയും അറിയിച്ചു. കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റേയും യാത്രാ അനുമതി ലഭിച്ചവരെ കേരള അതിര്‍ത്തി വരെ എത്തിക്കുന്നതിന് തയ്യാറാണെന്നാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. കര്‍ണ്ണാടക ആര്‍.ടി.സി ബസുകള്‍ വാടക നല്‍കി ഉപയോഗിക്കും. ഇതിന്റെ ചിലവ് കോണ്‍ഗ്രസ് വഹിക്കും.

കെ.സി.വേണുഗോപാലിന്റെ നിര്‍ദ്ദേശത്തിന്റെ മൂന്ന് പി.സി.സികളിലും മലയാളികളായ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഹെല്‍പ് സെസ്‌ക്കുകള്‍ രൂപീകരിച്ചു. എന്‍. എ. ഹാരിസ് എം എല്‍ എയ്ക്കാണ് കര്‍ണ്ണാടകയില്‍ ചുമതല. ജോര്‍ജ്ജ് ജോസഫ്, മൊഹസിന്‍ ഹൈദര്‍, ജോജോ തോമസ്, കിഷോര്‍ മുണ്ടക്കല്‍, മാത്യൂ ആന്റണി എന്നിവര്‍ മഹാരാഷ്ട്രയിലും കെ.എന്‍ . ജയരാജ്, കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ ഡല്‍ഹിയിലും ഹെല്‍പ് ഡസ്‌ക്കിന്റെ ചുമതല വഹിക്കും. യാത്രക്ക് പ്രയാസം നേരിടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, മറ്റുള്ളവര്‍ക്കും ഈ ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണന്ന് വേണുഗോപാല്‍ അറിയിച്ചു.